ജ്വല്ലറികളിലേക്ക് വിതരണത്തിന് കൊണ്ടുപോയ 1.80 കോടിയുടെ സ്വര്‍ണ കവർച്ച; തൃശൂരില്‍ മുൻജീവനക്കാരൻ ഉള്‍പ്പെടെ 7 പേർ പിടിയില്‍

news image
Sep 17, 2023, 4:19 am GMT+0000 payyolionline.in

തൃശൂര്‍: കൊക്കാലെയിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 3.5 കിഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടില്‍ ബ്രോണ്‍സണ്‍ (33), തൊട്ടിപ്പാള്‍ തൊട്ടാപ്പില്‍ മടപ്പുറം റോഡ് പുള്ളംപ്ലാവില്‍ വിനില്‍ വിജയന്‍ (23), മണലൂര്‍ കാഞ്ഞാണി മോങ്ങാടി വീട്ടില്‍ അരുണ്‍ (29), അരിമ്പൂര്‍ മനക്കൊടി കോലോത്തുപറമ്പില്‍ നിധിന്‍, മണലൂര്‍ കാഞ്ഞാണി പ്ലാക്കല്‍ മിഥുന്‍ (23), കാഞ്ഞാണി ചാട്ടുപുരക്കല്‍ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടില്‍ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരെയാണ് തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.  കേസിലെ പ്രധാന സൂത്രധാരന്‍മാരായ രണ്ടാം പ്രതി നിഖില്‍, മൂന്നാം പ്രതി ജിഫിന്‍ എന്നിവരെയും ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റ് നാല് പേരെയും കൂടി പിടികൂടാനുണ്ട്.

സെപ്തംബര്‍ 8ന് രാത്രി 11 മണിക്ക് ശേഷം തൃശൂര്‍ റയില്‍വെ സ്റ്റേഷന് സമീപം കൊക്കാലെയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. കൊക്കാലെയിലെ സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനത്തില്‍ നിന്നും മാര്‍ത്താണ്ഡം ഭാഗത്തെ സ്വര്‍ണാഭരണ വില്‍പ്പനശാലകളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുപോയ 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്.

അറസ്റ്റിലായ ബ്രോണ്‍സണ്‍ മുന്‍പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ ഇയാളായിരുന്നു സ്വര്‍ണാഭരണങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഈയിനത്തില്‍ 15 ലക്ഷം രൂപയോളം സ്ഥാപനത്തില്‍ നിന്നും ബ്രോണ്‍സണ് ലഭിക്കാനുണ്ടെന്ന് പറയുന്നു. ചില പ്രശ്‌നങ്ങള്‍ മൂലം ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പണം ലഭിക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ബ്രോണ്‍സണ്‍ നിഖില്‍, ജെഫിന്‍ എന്നിവരുമായി ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്.

സ്വര്‍ണാഭരണങ്ങള്‍ ഏതെല്ലാം ദിവസങ്ങളില്‍, ഏതെല്ലാം സമയത്താണ് കൊണ്ടുപോയിരുന്നത് എന്ന് ബ്രോണ്‍സണ് അറിയാമായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പ്ലാന്‍ തയ്യാറാക്കിയത്. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രധാന പ്രതികളായ നിഖില്‍, ജെഫിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനുമുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ സുമേഷ് ചാലക്കുടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയാണ്. ആറാം പ്രതി നിധിന്‍ പുതുക്കാട് കൊലപാതക കേസിലും ഒമ്പതാം പ്രതി രാജേഷ് ടൌണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസിലും പ്രതികളാണ്. രണ്ടും മൂന്നും പ്രതികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe