ദില്ലി: സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ഇന്നും അനുമതി നല്‍കാത്തതിനെതുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ നാടകീയ നീക്കങ്ങള്‍. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. 4 എംഎൽഎമാർ റാഞ്ചിയിൽ തുടർന്ന് സാഹചര്യങ്ങൾ നിരീക്ഷിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ചാണ് വൈകിട്ടോടെ ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എംഎംഎല്‍എമാരെ ബിജെപി റഞ്ചാതിരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത്. ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്.എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചു. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ഝാര്‍ഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം. മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഝാര്‍ഖണ്ഡിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നതിന്‍റെ സൂചനകളാണിപ്പോള്‍ പുറത്തവരുന്നത്. സർക്കാർ രൂപീകരിക്കാൻ ഉടൻ അനുമതി നല്‍കാൻ ഗവർണറോട് ആവശ്യപ്പെട്ടെന്ന് ചംപായ് സോറൻ വിമാനത്താവളത്തിൽ പ്രതികരിച്ചു.