ഞായറാഴ്ചയും ജോലി ചെയ്യാൻ സമ്മർദം, അരമണിക്കൂർ വൈകിയെത്തിയതിന് മെമ്മോ; കണ്ണൂർ കലക്ടർക്കെതിരായ കലക്ടറേറ്റ് ജീവനക്കാരുടെ മൊഴി പുറത്ത്

news image
Nov 8, 2024, 9:27 am GMT+0000 payyolionline.in

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ. ഗീത നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ പുറത്ത്. കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ കലക്ടറേറ്റ് ജീവനക്കാർ നൽകിയ വിവരങ്ങളാണ് പുറത്തുവന്നത്. നവീൻ ബാബുവും കലക്ടറും തമ്മിൽ നല്ല ബന്ധത്തിൽ അല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.

നവീൻ ബാബു കണ്ണൂരിൽ എ.ഡി.എം ആയി ജോലിയിൽ പ്രവേശിച്ച ദിവസം അരമണിക്കൂർ വൈകി എത്തിയതിന് കലക്ടർ മെമ്മോ നൽകിയിരുന്നു. അന്നുമുതൽ അകൽച്ചയിലായിരുന്നു ഇരുവരും. ഞായറാഴ്ച പോലും ജോലിക്ക് കയറാൻ കലക്ടർ നിർദേശിച്ചിരുന്നു. ഇത് നവീൻ ബാബുവിന് മാനസിക വിഷമം ഉണ്ടാക്കിയിരുന്നതായും ജീവനക്കാർ സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കലക്ടറുമായി സംസാരിക്കാൻ പോലും നവീന് താൽപര്യമുണ്ടായിരുന്നില്ലെന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ നവീന്‍ ബാബു തന്നെ വന്ന് കണ്ട് തനിക്കു തെറ്റു പറ്റിയെന്ന് പറഞ്ഞതായി കലക്ടർ വാദിച്ചിരുന്നു. ഇത് തള്ളുന്നതാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.

കലക്ടറുമായി നവീൻ ബാബുവിന് യാതൊരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞിരുന്നു. കലക്ടറേറ്റ് ജീവനക്കാരുടെ മൊഴിയും സമാനരീതിയിലുള്ളതാണ്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് വന്നതെന്ന് കലക്ടറുടെ ക്ഷണമനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വാദം. ഇത് കലക്ടർ നിഷേധിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe