ദില്ലി: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.
ആശങ്കയുടെ 70 മണിക്കൂറുകൾ പിന്നിട്ട ശേഷവും ഉത്തരാഖണ്ഡിലെ സിൽക്യാര ടണലിനകത്ത് നിന്ന് ആശ്വാസവാർത്ത എത്തുന്നില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. സ്റ്റീൽ പൈപ്പ് ഇടാനായി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയായിരുന്നു മണ്ണിടിഞ്ഞത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്കുളള 30 മീറ്ററിലെ പാറയും മണ്ണിനുമൊപ്പം കോൺക്രീറ്റ് അവശിഷ്ടങ്ങളും ദൗത്യം ദുഷ്ക്കരമാക്കുകയാണ്. ദില്ലിയിൽ നിന്ന് പുതിയ യന്ത്രം ആകാശമാർഗം എത്തിക്കുമെന്നാണ് ദൗത്യസംഘം നൽകുന്ന സൂചന. പുതിയ യന്ത്രമെത്തുന്നതോടെ മണിക്കൂറിൽ 5 മീറ്ററോളം അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാകും. ദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ ടണലിനു പുറത്ത് പ്രതിഷേധവുമായെത്തി.കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയിലും ആശങ്കയുണ്ട്. വോക്കി ടോക്കി വഴി തൊഴിലാളികളുമായി ദൗത്യസംഘം തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്. ഭക്ഷണവും വെളളവുമെത്തിക്കുന്നതും തുടരുന്നു. തൊഴിലാളികളെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം വ്യക്തമാക്കി.