കോഴിക്കോട് : ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത മലാപ്പറമ്പ്-മാനാഞ്ചിറ റോഡിന്റെ ടാർ ഒന്നറുയ്ക്കുംമുൻപേ കുത്തിപ്പൊളിച്ചു. വെള്ളിയാഴ്ച രാത്രി കിഴക്കേനടക്കാവ് പി.എം. കുട്ടി റോഡ് ജങ്ഷനുസമീപത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചത്. യൂട്ടിലിറ്റി കേബിളുകൾ കടന്നുപോകുന്നിടത്ത് അറ്റകുറ്റപ്പണികൾക്കായാണ് കുഴിയെടുത്തത്.ഈമാസം ഒൻപതിനാണ് പൊതുമരാമത്തുമന്ത്രി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനത്തിനുമുൻപ് ഇവിടെ കുഴിയെടുത്തപ്പോൾ വൈദ്യുതകേബിൾ ഉൾപ്പെടെയുള്ള വിവിധ യൂട്ടിലിറ്റി കേബിളുകൾക്ക് കേടുപാടുസംഭവിച്ചിരുന്നു. ഉദ്ഘാടനം ധൃതിയിൽ നടത്താൻ അന്നുതന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ പിന്നീടുചെയ്യാൻ മാറ്റിവെക്കുകയായിരുന്നു.
അറ്റകുറ്റപ്പണികളുണ്ടെന്ന് അറിയുന്നതിനാൽ ഇവിടെ ഒരുലെയർ മാത്രമാണ് ഇട്ടിട്ടുള്ളതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതേപാതയിൽ മൂന്നോളംസ്ഥലത്ത് ഇനിയും ഇതുപോലെ യൂട്ടിലിറ്റി കേബിളുകൾ കടന്നുപോകുന്ന പ്രധാനയിടങ്ങളുണ്ട്. ഇവിടങ്ങളിലും ഇതുപോലെ അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരുമെന്നാണ് ലഭിച്ച വിവരം.ഉദ്ഘാടനംകഴിഞ്ഞ് ഗതാഗതം ആരംഭിച്ച് മൂന്നാഴ്ചകൾക്കിപ്പുറമാണ് ഒരാളാഴത്തിൽ കുത്തിപ്പൊളിച്ചത്. ഒരുവശത്തെ ഗതാഗതം പൂർണമായും തടഞ്ഞാണ് പണിനടത്തിയത്.
പാതയിൽ ഗതാഗതം വഴിതിരിച്ചുവിട്ടിടത്ത് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. പണിനടക്കുന്നത് രാത്രിയായിട്ടും ഇവിടെ റിഫ്ളക്ടർ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. പകരം സാധാരണ ബോർഡുകളാണുണ്ടായത്. ടൗൺ ഭാഗത്തുനിന്ന് വന്ന 8/2 സ്വദേശി അതുൽ പ്രതാപാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം പോകുന്നവഴിയായതിനാൽ ബോർഡ് പെട്ടെന്ന് ശ്രദ്ധിച്ചില്ലെന്ന് അതുൽ പറഞ്ഞു. കാലിന് പരിക്കേറ്റ അതുൽ സമീപത്തെ ആശുപത്രിയിൽ ചികിത്സതേടി.
