ബംഗളൂരു: പൂജ-ദീപാവലി തിരക്കുകൾ പരിഗണിച്ച് ടിക്കറ്റില്ലാത്ത യാത്രക്കാരെയും നിയമാനുസൃതമല്ലാത്ത ടിക്കറ്റിൽ യാത്ര ചെയ്യുന്നവരെയും പരിശോധിക്കാൻ ടിക്കറ്റ് ചെക്കിങ് സ്പെഷൽ ഡ്രൈവിന് നിർദേശം നൽകി റെയിൽവേ ബോർഡ്.
ഒക്ടോബർ ഒന്നിനും 15നും ഇടയിലും ഒക്ടോബർ 25നും നവംബർ 10നും ഇടയിലും പ്രത്യേക പരിശോധനകൾക്കാണ് നിർദേശം. നിയമാനുസൃത ടിക്കറ്റില്ലാത്ത യാത്രക്കാർക്കെതിരെ 1989 റെയിൽവേ ആക്ട് പ്രകാരം കർശന നടപടിയെടുക്കണം. ടിക്കറ്റ് കൈമാറ്റം ചെയ്ത് യാത്ര ചെയ്യുന്നത് തടയാൻ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക് കുറക്കാൻ എ.ടി.വി.എമ്മുകൾ പ്രവർത്തനക്ഷമമാക്കണം, എ.ടി.വി.എമ്മുകളിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റെടുക്കുന്നത് ലളിതമാക്കാൻ സഹായികളെ നിയമിക്കണം, ബോധവത്കരണം നടത്താൻ പൊതുജനങ്ങൾക്കുള്ള അറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയവയും റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്കയച്ച കത്തിൽ പറയുന്നു.