ടിക്കറ്റ് ഫുൾ ; സ്പെഷ്യൽ ട്രെയിൻ അനുവദിക്കാതെ റെയിൽവേ

news image
Aug 27, 2024, 5:02 am GMT+0000 payyolionline.in

തിരുവനന്തപുരം: ഓണമടുത്തിട്ടും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ. പ്രധാന ട്രെയിനുകളിൽ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി. ബുക്കിങ്‌ തുടങ്ങി ദിവസങ്ങൾ‌ക്കകം സ്ലീപ്പർ ടിക്കറ്റുകളും എസി ടിക്കറ്റുകളും തീർന്നു. ഇതോടെ ബംഗളൂരുവിലും ചെന്നൈയിലും അടക്കമുള്ള മലയാളികൾക്ക്‌ ഓണക്കാലത്ത് നാട്ടിലെത്താനും മടങ്ങാനും ബുദ്ധിമുട്ടാകും. ഓണക്കാലത്ത് ടിക്കറ്റ് റദ്ദാക്കാനുള്ള സാധ്യതയും കുറവാണ്. ഓണക്കാല ടൂറിസത്തിന്റെ ഭാ​ഗമായി ആളുകളെത്തുന്നതും ടിക്കറ്റ് ലഭ്യതയെ ബാധിക്കുന്നുണ്ട്. തിരക്കു കുറയ്ക്കാൻ ദക്ഷിണ റെയിൽവേ  സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കാറുണ്ട്. ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന്‌ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടില്ല.

യാത്ര വേ​ഗത്തിലാക്കാനെന്ന് കൊട്ടിഘോഷിച്ച് റെയിൽ‌വേ നൽകിയ എറണാകുളം–- ബം​ഗളൂരു വന്ദേഭാരത് പ്രത്യേക സർവീസ് തിങ്കളാഴ്ച അവസാനിച്ചു. ഇത് ഓണം സർവീസായി നീട്ടുമെന്ന് വാ​ഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഇതുവരെ  റെയിൽവേയുടെ അറിയിപ്പുണ്ടായിട്ടില്ല. ശനി, ഞായർ ദിവസങ്ങളിൽ‌ ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായിരുന്നു. ഇതിനൊപ്പം  ബം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന, ബസ് ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ബം​ഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളിൽ സെപ്തംബർ 13 മുതൽ 17 വരെയുള്ള ടിക്കറ്റ് ബുക്കിങ്‌ പകുതിയോളം ആയിട്ടുണ്ട്.

‘ഓണത്തിന് പതിവായി നാട്ടിലേക്ക് ട്രെയിനിനാണ് വരുന്നത്, ഇത്തവണ ബം​ഗളൂരു–-കന്യാകുമാരി ട്രെയിനിന് ടിക്കറ്റെടുത്തെങ്കിലും വെയിറ്റിങ് ലിസ്റ്റ് 75 ആണ്‌’–- ബം​ഗളൂരു മലയാളി സിനി റിജു പറയുന്നു. അവസാന നിമിഷം ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസോ സ്വന്തം വാഹനമോ അശ്രയിക്കണം. കായംകുളം വരെ  കുട്ടികളുമായി ബസിൽ വരുന്നത് ബുദ്ധിമുട്ടാണ്. സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും സിനി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe