വടകര : ടിപി കേസ് അന്വേഷിച്ചതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥരിൽ പലരെയും പിന്നീടു മാറ്റിനിർത്തിയെന്നു കുറ്റകൃത്യം തെളിയിക്കാൻ നേതൃത്വം നൽകിയ മുൻ ഡിജിപി വിൻസൻ എം.പോൾ പറഞ്ഞു. ‘എനിക്കെതിരെ പ്രതികാര നടപടി ഉണ്ടായിട്ടില്ല. പക്ഷേ, ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഉണ്ടായി. ആ കേസ് അന്വേഷിച്ചതിന്റെ പേരിൽ പലരെയും മാറ്റിനിർത്തി.
നിഷ്പക്ഷമായും സത്യസന്ധമായും കേസ് അന്വേഷിച്ചതു കൊണ്ടു മാത്രം അനൂപ് കുരുവിള ജോൺ കരിയറിൽ ശിക്ഷിക്കപ്പെടുന്നു എന്ന തോന്നലാണ് എനിക്കുള്ളത്. സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പിമാർക്ക് അർഹമായ സ്ഥാനക്കയറ്റങ്ങൾ കിട്ടിയെങ്കിലും അവരുടെ കഴിവ് സേനയ്ക്കായി പിന്നീടു പൂർണതോതിൽ ഉപയോഗിച്ചിട്ടില്ല.
വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷിച്ച കേസായിരുന്നു അത്. വമ്പൻ സ്രാവുകൾ പിന്നിലുണ്ടെന്നൊക്കെ നേതാക്കൾ ആരോപിച്ചിരുന്നു. ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചു. ഒരു കാരണവശാലും കള്ളത്തെളിവ് ഉണ്ടാക്കില്ലെന്നും സത്യസന്ധമായി മാത്രമേ അന്വേഷിക്കൂ എന്നും ഞങ്ങൾ തീരുമാനിച്ചു. കേസ് ബലപ്പെടുത്താൻ കൃത്രിമമായി ഒന്നും ചെയ്തില്ല.
എന്റെ സർവീസിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസുകളിൽ ഒന്നായിരുന്നു. ഒട്ടേറെപ്പേർ കേസിൽ കൂറുമാറി. അന്നു ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഒട്ടും ഇല്ലായിരുന്നു. രാഷ്ട്രീയക്കാരോടു ഞങ്ങൾ സംസാരിച്ചിട്ടു പോലുമില്ല. അനൂപ് കുരുവിളയും ഞാനുമായിരുന്നു സീനിയർ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്.
മാഹി ഗെസ്റ്റ് ഹൗസിൽ താമസിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീടു വടകരയിൽ ഒരു വീടു വാടകയ്ക്കെടുത്തു ക്യാംപ് ഓഫിസാക്കി. മറ്റുള്ളവർക്ക് ആരോപണം ഉന്നയിക്കാൻ പോലും അവസരം നൽകാതിരിക്കാനാണ് അങ്ങനെ ചെയ്തത് ’ – വിൻസൻ എം.പോൾ പറഞ്ഞു.