ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സിബിഐ സമൻസ് അയച്ചു. സിബിഐയുടെ ദില്ലി ഓഫീസിൽ ഈ മാസം 12ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഈ നോട്ടീസ് വഴിതുറക്കും. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടെ ആവശ്യപ്പെട്ടാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.
വിജയ് തമിഴ്‌നാട്ടിൽ രൂപീകരിച്ച ടിവികെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27 കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പൊലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം. മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
