ന്യൂഡൽഹി > നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2023ലെ ഗോൾഡ് പുരസ്‌കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവൽ മാർട്ടിന്റെ ഭാഗമായി പ്രഗതി മൈതാനത്തെ ഇന്റർനാഷണൽ എക്‌സിബിഷൻ കൺവെൻഷൻ സെന്ററിൽനടന്ന ചടങ്ങിൽ പാറ്റ ചെയർമാൻ പീറ്റർ സെമോണെയിൽ നിന്ന് കേരള ടൂറിസം അഡീഷണൽ ഡയറക്ടർ എസ് പ്രേംകൃഷ്‌ണൻ പുരസ്‌കാരം ഏറ്റുവാങ്ങി. മാർക്കറ്റിങ് കാമ്പയിൻ (സ്‌റ്റേറ്റ് ആൻഡ് സിറ്റി- ഗ്ലോബൽ) വിഭാഗത്തിലാണ് പുരസ്‌കാരം.
കോവിഡിനു ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്‌ത് കേരളം നടത്തിയ പ്രചാരണം ഏറെ ശ്രദ്ധ നേടി. ‘‘ നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’’ എന്ന ആശയത്തിൽ അച്ചടി, റേഡിയോ, വിഷ്വൽ, പോസ്‌റ്റർ–-ബോർഡ് , ഡിജിറ്റൽ, സോഷ്യൽ മീഡിയ, വെബ് പോർട്ടൽ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം. ഹോങ്കോങ്, തായ്‌വാൻ, നേപ്പാൾ,ഫിജി, തായ്‌ലാൻഡ് തുടങ്ങിയ രാജ്യാന്തര ടൂറിസം കേന്ദ്രങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ നേട്ടം.