ടെക് കമ്പനിയുടെ സിഇഒയെയും എംഡിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ

news image
Jul 12, 2023, 4:54 am GMT+0000 payyolionline.in

ബം​ഗളൂരു: ബം​ഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ്‌ എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി ഇ ഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ജോക്കർ ഫെലിക്സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു.

 

ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാ​ഗ്യത്തിലാണ് ഇയാൾ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ജോക്കർ ഫെലിക്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി.

ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ്‌ തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി.

ഇതിന്റെ പകയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് അടക്കമുള്ള വിശദമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe