കോഴിക്കോട്: ടെലിഗ്രാം ആപ് മുഖേന വനിത ാ ഡോക്ടറുടെ 32 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. മുട്ടാഞ്ചേരി സ്വദേശി മണ്ണാറത്ത് അബ്ദുൾ ഫത്താഹിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്. 2023ലാണ് കേസിനാസ്പദമായ സംഭവം.
ഒരു ടെലിഗ്രാം അക്കൗണ്ടിൽനിന്ന് പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട സന്ദേശത്തിന് അനുകൂലമായി പ്രതികരിച്ച പരാതിക്കാരി, അക്കൗണ്ടിൽ നിന്ന് ലഭിച്ച നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയും പിന്നാലെ ടെലിഗ്രാം ഗ്രൂപ്പിൽ മെംബറായി ചേർക്കപ്പെടുകയുമായിരുന്നു.
ഗ്രൂപ്പിൽ പല മെംബർമാരും പണം നിക്ഷേപിച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും പണം തിരികെ ലഭിച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചതിൽ ആകൃഷ്ടയായ ഇവർ ടെലിഗ്രാം അക്കൗണ്ടുകളിലൂടെ ലഭിച്ച നിർദേശങ്ങൾക്കനുസരിച്ച് പണം നിക്ഷേപിച്ചു. ആദ്യം 10,000 രൂപ നിക്ഷേപിച്ചപ്പോൾ 13,380 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി. ടാസ്കുകള് പൂർത്തിയാക്കുന്നതിലൂടെ കൂടുതൽ ലാഭം ലഭിക്കും എന്നും നിശ്ചിത ടാസ്കുകള് പൂർത്തിയാക്കിയാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്നും ടെലിഗ്രാം സന്ദേശം വഴി ഇവരെ വിശ്വസിപ്പിച്ചു. പിന്നാലെ, പലപ്പോഴായി 32 ലക്ഷത്തോളം രൂപ അയച്ചുകൊടുത്തു.
നിർദേശപ്രകാരമുള്ള ടാസ്കുകൾ പൂർത്തിയാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, നിക്ഷേപിച്ച 32 ലക്ഷം രൂപയുടെ 30 ശതമാനംകൂടി വെരിഫിക്കേഷൻ ഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഗ്രൂപ്പിലെ അംഗങ്ങളടക്കം ചേർന്നുള്ള തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരി ട്രാൻസ്ഫർ ചെയ്ത 32 ലക്ഷത്തോളം രൂപയിൽ നാലര ലക്ഷത്തോളം രൂപ മുംബൈയിലെ ദേശസാൽകൃത ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയതായും അന്നു തന്നെ ആ തുകയടക്കം പന്ത്രണ്ടര ലക്ഷത്തോളം രൂപ നാല് ഇടപാടുകളിലായി കുന്ദമംഗലത്തുള്ള സ്വകാര്യ മേഖല ബാങ്കിന്റെ അക്കൗണ്ടിലേക്കു വന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേദിവസം തന്നെ ആ തുകയിൽ വലിയൊരു ഭാഗം ചെക്ക് മുഖേന പിൻവലിക്കുകയും ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും വ്യക്തമായതിനെതുടർന്നാണ് അക്കൗണ്ട് ഉടമയായ അബ്ദുൾ ഫത്താഹിനെ അറസ്റ്റ് ചെയ്തത്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഹവാല ഇടപാടുകൾക്കായി ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. എറണാകുളം പനങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പു കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്.
കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഈ വർഷം രജിസ്റ്റർ ചെയ്ത 95 ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരു കേസിലും ഇയാൾ ഉൾപ്പെട്ടതായി അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. കോഴിക്കോട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സിറ്റി പൊലീസ് ഡെ. കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ ജി. ബാലചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയര് സിവിൽ പൊലീസ് ഓഫിസർ രാജേഷ് ചാലിക്കര, സിവിൽ പൊലീസ് ഓഫിസർമാരായ ഷമാന അഹമ്മദ്, ടി. സനിൽ, വി. ബിജു, പി. അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർ (ഡ്രൈവർ) മുജീബ് റഹ്മാൻ എന്നിവരാണുണ്ടായിരുന്നത്.