ഏറ്റുമാനൂര്‍: നടൻ ടൊവിനോ തോമസിന്റെ ഷെഫ് വിഷ്ണു (31) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലെ പേരൂരിലായിരുന്നു സംഭവം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍പ്പെട്ട മറ്റെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്.
പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ് വിഷ്ണു. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവിന് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.