See the trending News

Oct 16, 2025, 8:30 pm IST

-->

Payyoli Online

ടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പായും ഫാസ്ടാഗ് വേണം, പണമായി കൊടുത്താൽ ഇരട്ടി നൽകണം

news image
Oct 16, 2025, 2:43 pm GMT+0000 payyolionline.in

ദില്ലി: ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതൽ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്‍റെ ഭാഗമായി ടോൾ പിരിവിൽ പുതിയ മാറ്റം വരുന്നു. സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുള്ള ടോൾ പിരിവിൽ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 2025 നവംബർ 15 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ ടോൾ നിയമങ്ങൾ ഇങ്ങനെ

നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് പ്രശ്നം ഉണ്ടെങ്കിൽ (ബാലൻസ് കുറവോ സാങ്കേതിക തകരാറോ കാരണം) അല്ലെങ്കിൽ ഫാസ്ടാഗ് ഇല്ലെങ്കിൽ, പണം നൽകിയാലും ഡിജിറ്റൽ പേയ്‌മെന്‍റ് നടത്തിയാലും സാധാരണ ടോൾ നിരക്കിന്‍റെ ഇരട്ടി നൽകേണ്ടിയിരുന്നു. നവംബർ 15 മുതൽ ഈ രീതി മാറും. ഇനി ഫാസ്ടാഗ് ഇല്ലാത്തവർ പണമായി നൽകിയാൽ നിലവിലെ പോലെ ഇരട്ടി (2 മടങ്ങ്) ടോൾ തുക തന്നെ നൽകണം. ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ പോലുള്ള അംഗീകൃത ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾ ഉപയോഗിക്കുകയാണെങ്കിൽ സാധാരണ ടോൾ തുകയുടെ 1.25 ഇരട്ടി മാത്രം നൽകിയാൽ മതിയാകും.

ഉദാഹരണത്തിന് ഒരു വാഹനത്തിന്‍റെ ടോൾ ചാർജ് ഫാസ്ടാഗ് വഴി 100 രൂപ ആണെങ്കിൽ, യുപിഐ ഉപയോഗിക്കുന്നവർ 125 രൂപയും പണമായി നൽകുന്നവർ 200 രൂപയും അടയ്‌ക്കേണ്ടി വരും. ടോൾ ബൂത്തുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ഹൈവേ ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനും വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാണോ?

അതെ എന്നാണ് ഉത്തരം. 2021 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (CMVR) 1989 പ്രകാരം, ദേശീയപാത ടോൾ പ്ലാസകൾ ഉപയോഗിക്കുന്ന എല്ലാ ക്ലാസ് എം, എൻ വാഹനങ്ങൾക്കും (നാലുചക്ര വാഹനങ്ങൾക്കും അതിലും വലുതുമായ പാസഞ്ചർ അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾ) ഫാസ്ടാഗ് നിർബന്ധമാണ്.

ഫാസ്ടാഗ് ആന്വൽ പാസ്:

ഈ വർഷം ഓഗസ്റ്റ് 15ന് മന്ത്രാലയം ഫാസ്ടാഗ് ആന്വൽ പാസ് എന്ന പുതിയ ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 ടോൾ ക്രോസിംഗുകൾക്കോ (ഇതിൽ ഏതാണോ ആദ്യം വരുന്നത്) 3,000 രൂപ നൽകി ദേശീയ പാതകളിലൂടെയും എക്സ്പ്രസ് വേകളിലൂടെയും പരിധിയില്ലാത്ത യാത്ര നടത്താൻ ഇതുവഴി സാധിക്കും. ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയുടെ ദേശീയ പാതകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുകയാണ്. ഇലക്ട്രോണിക് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് കുറഞ്ഞ ടോൾ നൽകാൻ അവസരം നൽകുന്ന പുതിയ സംവിധാനം, ഹൈവേ യാത്രകൾ കൂടുതൽ വേഗത്തിലും തടസമില്ലാതെയും ചെലവ് കുറഞ്ഞ രീതിയിലും ആക്കാൻ സഹായിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group