ട്രംപിനുനേരെ വീണ്ടും വധശ്രമം; ഗോൾഫ് കളിക്കുന്ന ക്ലബിനു സമീപം വെടിവെപ്പ്; പ്രതി പിടിയിൽ

news image
Sep 16, 2024, 4:01 am GMT+0000 payyolionline.in

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനുനേരെ വീണ്ടും വധശ്രമം. ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ ക്ലബിനു സമീപം വെടിവെപ്പുണ്ടായി. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവെപ്പുണ്ടായത്.

ഈസമയം ട്രംപ് ക്ലബിൽ ഗോൾഫ് കളിക്കുന്നുണ്ടായിരുന്നു. വെടിയുതിർക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്.ബി.ഐ വ്യക്തമാക്കി. ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് ക്ലബ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തതോടെ കാറിൽ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്.

 

പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണെന്ന് യു.എസ് സീക്രട്ട് സർവിസ് അറിയിച്ചു. ഇയാളിൽനിന്ന് എ.കെ 47 തോക്ക് കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സർവിസും അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികൾ വിലയിരുത്തി. ഗോൾഫ് ക്ലബിൽ വെടിവെപ്പുണ്ടായതായി ട്രംപിന്‍റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ എക്സിൽ സ്ഥിരീകരിച്ചു.

ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെപ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരിക്കേറ്റു. ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe