മുംബൈ: ട്രെയിനില്‍ നടന്ന മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം എട്ടിന് കോഴിക്കോട് അറസ്റ്റിലായ സൈഫ് ചൗധരി(40), മുംബൈ കേസിലെയും പ്രതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുര്‍ള പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആയുര്‍വേദ ഡോക്ടര്‍മാരും ദമ്പതികളുമായ യോഗേഷ് ദേശ്മുഖ്, ദീപാവലി എന്നിവര്‍ ജൂണ്‍ നാലിന് എല്‍ടിടി- നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയായിരുന്നു മോഷണശ്രമം നടന്നത്. മോഷണശ്രമത്തെ തുടര്‍ന്ന് ദീപാവലി ബഹളമുണ്ടാക്കിയതോടെ ഭര്‍ത്താവും ബെര്‍ത്തില്‍ നിന്നിറങ്ങി ബാഗ് തിരികെ വാങ്ങാന്‍ ശ്രമിച്ചു.
എന്നാല്‍ മോഷ്ടാവ് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടവെ ദമ്പതികളും ട്രാക്കിലേക്ക് വീഴുകയായിരുന്നു. അതിനിടെ യോഗേഷിന്റെ ഇടത് കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറി ഇറങ്ങി. പരിക്കേറ്റ യോഗേഷുമായി ട്രാക്ക് മുറിച്ച് കടന്ന ദീപാവലി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും യോഗേഷിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പത് വയസുള്ള കുഞ്ഞിനെ റെയില്‍വേ പൊലീസ് മാതാപിതാക്കളുടെ അടുത്ത് എത്തിച്ചു.
മോഷ്ടാവിനായി മാസങ്ങളായി തുടരുന്ന അന്വേഷണങ്ങള്‍ വിഫലമായി എന്ന് കരുതിയിരിക്കുമ്പോഴാണ് കോഴിക്കോട് കഴിഞ്ഞ മാസം സമാനരീതിയിലുള്ള മോഷണം നടന്നതും പ്രതി അറസ്റ്റിലായതും മുംബൈ റെയില്‍വേ പൊലീസ് അറിയുന്നത്. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
മുന്‍പ്, ട്രെയിനില്‍ അനധികൃതമായി മൊബൈലും ഹെഡ്‌ഫോണും തുടങ്ങിയ വസ്തുക്കള്‍ വിറ്റതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ മുപ്പതിലധികം മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസുകള്‍ കൂടിയതോടെ ഇയാള്‍ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ ചെയ്തിരുന്ന സ്ത്രീകളായിരുന്നു ഇയാളുടെ ലക്ഷ്യം.