പാലക്കാട്: ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുമായി റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ പ്രതിയെ കണ്ട് സംശയം തോന്നിയ ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി. ഒഡിഷ സ്വദേശികളായ മാനസ് -ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ അർധരാത്രി തട്ടിക്കൊണ്ടുപോയത്. പ്രതിയായ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ടാറ്റ നഗർ എക്സ്പ്രസിൽ ഒഡിഷയിൽനിന്ന് ആലുവയിലേക്ക് വരികയായിരുന്നു ദമ്പതികൾ. കോച്ചിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നും തങ്ങൾ ഉറങ്ങുകയായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിനിടെയാണ് വെട്രിവേൽ കുട്ടിയെ തട്ടിക്കൊണ്ട് പോയി പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ ഇറങ്ങിയത്. തൃശൂർ എത്തി ഉറക്കമുണർന്നപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ അറിഞ്ഞത്.
‘ട്രെയിനിൽ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ സമീപം രണ്ടുമൂന്ന് പേർ ഉണ്ടായിരുന്നു. അതിനിടെ ഞങ്ങൾ കുട്ടിയെ ഒപ്പം കിടത്തി ഞങ്ങൾ ഉറങ്ങി. തൃശ്ശൂരിൽ എത്തിയപ്പോഴാണ് കൂടെ കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. ഉടൻ സ്റ്റേഷനിൽ ഇറങ്ങി പൊലീസിനോട് പറഞ്ഞു’ -കുട്ടിയുടെ പിതാവ് പറഞ്ഞു.
ഈ സമയത്താണ് പാലക്കാട് ഒലവക്കോട് സ്റ്റേഷന് സമീപം ഉറക്കെ കരയുന്ന കുട്ടിയുമായി സംശയാസ്പദ സാഹചര്യത്തിൽ വെട്രിവേലിനെ കാണുന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഇയാൾ. ഓട്ടോഡ്രൈവർമാരും യാത്രക്കാരും ചോദ്യം ചെയ്തപ്പോൾ ഇത് തെന്റ കുഞ്ഞ് തന്നെയാണെന്നാണ് ആദ്യം വെട്രിവേൽ പറഞ്ഞത്. എന്നാൽ, കൂടുതൽ ചോദ്യം ചെയ്തപ്പോൾ വാക്കുമാറ്റി. നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ എടുത്തോളൂ എന്ന് പറഞ്ഞ് കുഞ്ഞിനെ ഓട്ടോഡ്രൈവർമാർക്ക് കൈമാറി. ഉടൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.