ട്രെയിനിൽ യാത്ര ചെയ്യവെ അജ്ഞാത നമ്പറിൽ നിന്ന് നിരന്തരം അശ്ലീല മെസേജുകൾ, ട്രൂകോളറിൽ കണ്ടത് ടിടിഇയുടെ ഫോട്ടോ

news image
Mar 20, 2025, 7:48 am GMT+0000 payyolionline.in

ലക്നൗ: ട്രെയിനിൽ വെച്ച് വനിത യാത്രക്കാരിയുടെ ഫോണിലേക്ക് നിരന്തകം അശ്ലീല സന്ദേശങ്ങളയച്ച ടിടിഇയെ ജോലിയിൽ നിന്ന് മാറ്റി. റിസർവേഷൻ വിവരങ്ങളിൽ നിന്ന് മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു ടിടിഇയുടെ ഉപദ്രവം. യുവതി പരാതിപ്പെട്ടതോടെ ടിടിഇ രാംലഖാൻ മീണയെ ട്രെയിനിലെ ചുമതലകളിൽ നിന്ന് പാർസൽ ഓഫീസിലേക്ക് മാറ്റി. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവെ അറിയിച്ചു.കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിൽ സർവീസ് നടത്തുന്ന ബുണ്ടേൽഖണ്ഡ് എക്സ്പ്രസിലെ 3എസി കോച്ചിൽ യാത്ര ചെയ്ത യുവതിയാണ് ടിടിഇക്കെതിരെ പരാതി നൽകിയത്. ട്രെയിനിൽ കയറിയ ശേഷം ആദ്യം ഇയാൾ സാധാരണ പോലെ ടിക്കറ്റ് പരിശോധിച്ചു. പിന്നീട് ട്രെയിൻ കുൽപഹാറിലെത്തിയപ്പോൾ ഇയാൾ തിരിച്ചെത്തി തുറിച്ചുനോക്കാനും അനുചിതമായ ആംഗ്യങ്ങൾ കാണിക്കാനും തുടങ്ങി. യുവതി അവഗണിക്കാൻ ശ്രമിച്ചെങ്കിലും ശല്യം തുടർന്നു.

 

പിന്നീട് ട്രെയിൻ ജാൻസിയിലെ മൗരാനിപൂർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പെട്ടെന്ന് യുവതിയുടെ ഫോണിൽ അശ്ലീല മെസേജുകൾ വരാൻ തുടങ്ങിയത്. വാട്സ്ആപിലൂടെ നിരന്തരം മെസേജുകൾ അയക്കുകയും അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ആദ്യമൊന്നും സ്ക്രീൻഷോട്ടെടുക്കാൻ സാധിച്ചില്ല. അതിന് മുമ്പ് തന്നെ മെസേജുകൾ ഡിലീറ്റ് ചെയ്യപ്പെട്ടു. അമ്പരന്നുപോയ യുവതി ഇതാരാണെന്ന് കണ്ടുപിടിക്കാൻ നമ്പർ ട്രൂകോളറിൽ തെര‍ഞ്ഞു. അപ്പോഴാണ് ടിടിഇയുടെ പേരും ഫോട്ടോയും കണ്ടത്.

ജാൻസിയിലെത്തിയപ്പോൾ യുവതി സ്റ്റേഷനിലിറങ്ങി മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ആഭ്യന്തര അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ടിടിഇമാർക്ക് റെയിൽവെ നൽകുന്ന ഇലക്ട്രോണിക് ഉപകരണത്തിൽ നിന്നാണ് റിസർവേഷൻ വിവരങ്ങൾ പരിശോധിച്ച് ഇയാൾ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

യാത്രക്കാരുടെ സ്വകാര്യ വിവരം അനധികൃതമായി പരിശോധിച്ചതും അതിന് ശേഷം നിരന്തരം ശല്യം ചെയ്തതും ഗുരുതര കുറ്റമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഉടനടി ട്രെയിനിലെ ജോലിയിൽ നിന്ന് മാറ്റി ജാൻസിയിലെ പാർസൽ ഓഫീസിൽ നിയമിച്ചു. മറ്റ് നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe