ചെന്നൈ: റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ. ഇനി മുതൽ 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഇത് 60 ദിവസമായി ചുരുക്കി.
നവംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഒക്ടോബർ 31 വരെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ നിലനിൽക്കും ഇതിന് പുതിയ നിയമം ബാധകമല്ലെന്നും റെയിൽവേ അറിയിക്കുന്നു.
പെട്ടെന്ന് യാത്രകൾ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന താജ് എക്സ്പ്രസ്, ഗോംതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും വിദേശികൾക്കുള്ള 365 ദിവസത്തെ ബുക്കിങ്ങ് എന്ന നയത്തിലും മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.