ട്രെയിൻ യാത്രയ്ക്കുള്ള കാത്തിരിപ്പ് ചില സമയങ്ങളിൽ 100 മീറ്റർ ഓട്ടമത്സരങ്ങളിലെ ഫോട്ടോ ഫിനിഷിങ് പോലെയാണ്. വെയിറ്റിങ് ലിസ്റ്റിലാണെങ്കിൽ ത്രിൽ കൂടുതൽ. ടിക്കറ്റ് ഉറപ്പായോ ഇല്ലയോ എന്നൊക്കെ അവസാന നിമിഷം മാത്രമേ അറിയാൻ കഴിയൂ. എന്നാൽ, ഇനി അത്തരത്തിലുള്ള കാത്തിരിപ്പുകൾ വേണ്ട. 24 മണിക്കൂർ മുൻപ് യാത്രക്കാരുടെ അന്തിമ റിസർവേഷൻ ചാർട്ട് പുറത്തു വിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ ട്രെയിൻ യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമേ അന്തിമ ചാർട്ട് റെയിൽവേ പുറത്തു വിടുകയുള്ളൂ. എന്നാൽ, പുതിയ രീതി അനുസരിച്ച് ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുൻപേ അന്തിമചാർട്ട് പുറത്തുവിടും. ഇങ്ങനെ വന്നാൽ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് കൺഫേം ആയോ ഇല്ലയോ എന്ന് ഒരു ദിവസം മുൻപേ അറിയാൻ കഴിയും. ഇത്തരത്തിൽ യാത്രാവിവരങ്ങൾ മുൻകൂട്ടി അറിയുന്നത് യാത്രക്കാർക്ക് വലിയ രീതിയിൽ സഹായകമായിരിക്കും.
∙എന്താണ് പുതിയ മാറ്റം ?
നിലവിൽ യാത്ര ആരംഭിക്കുന്നതിന് നാലു മണിക്കൂർ മുമ്പാണ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ചാർട്ട് പ്രസിദ്ധീകരിക്കുമ്പോൾ സീറ്റ് ലഭിക്കാത്തവർ മിക്കപ്പോഴും തുടർ യാത്രയ്ക്കായി ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. എന്നാൽ, ഇനി മുതൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ആയിരിക്കും ചാർട്ട് പുറത്തു വിടുക. ചാർട്ട് പുറത്തു വിട്ടു കഴിയുമ്പോൾ സീറ്റ് ലഭിക്കാത്തവർക്ക് മറ്റ് യാത്രാമാർഗങ്ങൾ തേടാൻ സമയം കുറവായതിനാലാണ് ചാർട്ട് 24 മണിക്കൂർ മുൻപാക്കുന്നത്.
രാജസ്ഥാനിലെ ബികാനീർ ഡിവിഷനിലാണ് ഇതിന്റെ ആദ്യപരീക്ഷണം നടക്കുന്നത്. നിലവിൽ രണ്ടു ട്രയിനുകളാണ് ഈ പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. ഈ മാസം ആറിന് തുടങ്ങിയ പൈലറ്റ് പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, 24 മണിക്കൂർ മുൻപ് ചാർട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവരെ പരിഗണിക്കുന്ന കാര്യമോ വീണ്ടും ചാർട്ട് പുനഃപ്രസിദ്ധീകരിക്കുന്ന കാര്യവും തീരുമാനം ആയിട്ടില്ല.
∙നിലവിൽ തയ്യാറാക്കുന്നത് രണ്ടു ചാർട്ടുകൾ
നിലവിൽ ഇന്ത്യൻ റെയിൽവേ തയ്യാറാക്കുന്നത് രണ്ട് ചാർട്ടുകളാണ്. ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് ഒരു ചാർട്ടും ട്രയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് ഒരു ചാർട്ടും. എന്നാൽ, പുതിയ സംവിധാനത്തിൽ 24 മണിക്കൂർ മുമ്പ് തയ്യാറാക്കുന്ന ഒറ്റ , അന്തിമ ചാർട്ടുമായി മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നത്.
∙പുതിയ സംവിധാനം സഹായകമാകുന്നത് എങ്ങനെ?
ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വെയിറ്റിങ് ലിസ്റ്റിൽ ആണെങ്കിൽ അന്തിമ ചാർട്ട് തയ്യാറാകുന്ന അവസാനനിമിഷം വരെ കാത്തിരിക്കണം. വെയിറ്റിങ് ലിസ്റ്റ്, കൺഫേമിലേക്ക് മാറിയില്ലെങ്കിൽ അവസാനനിമിഷം പുതിയ ബസ് അല്ലെങ്കിൽ ട്രെയിൻ യാത്രയ്ക്കായി കണ്ടെത്തുക എന്നുള്ളത് പ്രയാസകരമാണ്. എന്നാൽ, 24 മണിക്കൂർ മുൻപ് ചാർട്ട് തയ്യാറായി കഴിഞ്ഞാൽ ടിക്കറ്റ് കൺഫേം ആയില്ലെങ്കിലും ബദൽ സംവിധാനം കണ്ടെത്താൻ സമയം ലഭിക്കും.
അതേസമയം, ഇത്തരത്തിൽ 24 മണിക്കൂർ മുമ്പ് ചാർട്ട് തയ്യാറായാലും ചില സാങ്കേതിക പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. ചാർട്ട് തയ്യാറായതിനു ശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ പിന്നെ അത് എങ്ങനെ ആയിരിക്കും കൈകാര്യം ചെയ്യുക എന്നതിലാണ് വ്യക്തിത വരുത്തേണ്ടത്. ഏതായാലും ഇന്ത്യൻ റെയിൽവേ പുതിയ മാറ്റത്തിന്റെ പാതയിലാണ്.