കോഴിക്കോട്: ട്രേഡിങ് വഴി വൻ വരുമാനമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയിൽനിന്ന് 67 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിലായി. തമിഴ്നാട് സ്വദേശി മുബഷീർ ഷെയ്ഖിനെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
പെർമനന്റ് കാപിറ്റൽ എന്ന പേരിൽ ഫോറക്സ് ട്രേഡിങ് വഴി മികച്ച വരുമാനം നേടാമെന്ന് പറഞ്ഞ് ഇന്റര്‍നെറ്റ് വഴിയെടുത്ത വ്യാജ നമ്പരുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ വിവിധ തവണയായാണ് 67 ലക്ഷം കൈക്കലാക്കിയത്. അടച്ച പണമോ ലാഭവിഹിതമോ തിരികെ ലഭിക്കാത്തതോടെ നൽകിയ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സൈബര്‍ ക്രൈം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
അറസ്റ്റിലായ മുബഷിർ ഷെയ്ഖിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാതെ നിരവധി ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് എടുത്ത്, തട്ടിയെടുത്ത പണമുപയോഗിച്ച് യു.എസ്.ഡി.ടി ട്രേഡിങ് പ്ലാറ്റ്ഫോം ആയ ബിനാൻസ് വഴി ക്രിപ്റ്റോ കറൻസി ആക്കി മാറ്റിയതായാണ് അന്വേഷണത്തിൽ മനസ്സിലായത്.
വിദേശത്തേക്ക് കടന്ന പ്രതിക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോഴിക്കോട് സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അസി. കമീഷണർ അങ്കിത് സിങ്ങിന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. സബ് ഇൻസ്പെക്ടർമാരായ എം. വിനോദ് കുമാർ, പി. പ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ. ഫെബിൻ, പി.വി. രതീഷ്, സിവിൽ പൊലീസ് ഓഫിസര്‍ ഷമാന അഹമ്മദ് എന്നിവരടങ്ങിയ സംഘം ഒട്ടേറെ മൊബൈല്‍ നമ്പരുകളും ഇമെയില്‍ വിലാസങ്ങളും ബിനാന്‍സ് അക്കൗണ്ടും നിരീക്ഷിച്ചും നിരവധി മേല്‍വിലാസങ്ങള്‍ പരിശോധിച്ചും രണ്ടുവര്‍ഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.