ഡല്‍ഹിയിലും മുംബൈയിലും 62 വർഷങ്ങൾക്കുശേഷം മൺസൂൺ ഒരേദിവസമെത്തി

news image
Jun 26, 2023, 11:23 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയുടെ 80 ശതമാനം മേഖലയിലും ഈ വർഷത്തെ മൺസൂൺ എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. നരേഷ് കുമാർ. ബംഗാൾ ഉൾക്കടലിൽ ഇന്നലെയുണ്ടായ ന്യൂനമർദം മൺസൂണിനെ രാജ്യവ്യാപകമായി എത്തിക്കാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാറ്റേണിലാണ് മൺസൂൺ ഈ വർഷം രാജ്യത്ത് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡല്‍ഹിയിലും മുംബൈയിലും മൺസൂൺ ഞായറാഴ്ചയെത്തി. ഒരേ ദിവസം രണ്ടിടത്തും മൺസൂൺ എത്തുന്നത് 62 വർഷങ്ങൾക്കുശേഷമാണെന്നും ഡോ. കുമാർ പറഞ്ഞു. സാധാരണയായി മുംബൈയിൽ മൺസൂൺ ജൂൺ 11നും ഡൽഹിയിൽ ജൂൺ 27നുമായിരിക്കുമെത്തുക. എന്നാൽ ഇത്തവണ രണ്ട് മെട്രോ നഗരങ്ങളിലും ഒരേ ദിവസം തന്നെ മൺസൂൺ എത്തി. എന്നാൽ ഇതു കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നു ഇപ്പോൾ പറയാനാകില്ലെന്നും അതിനു 30–40 വർഷങ്ങളുടെ ഡേറ്റയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിന്റെ മുകളിലുണ്ടായിരുന്ന മേഘങ്ങൾ മാറിയെന്നും കാര്യമായ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കാൻ പറ്റില്ലെന്നും ഡോ. കുമാർ പറയുന്നു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലും മറ്റു പലയിടങ്ങളിലും 12 സെന്റീമീറ്റർ മഴ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe