സുപ്രധാന രേഖകൾ നഷ്ടപ്പെടാതെ എങ്ങനെ സൂക്ഷിക്കണം എന്നുള്ളത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിനൊരു പരിഹാരമാണ് ഡിജി ലോക്കർ സംവിധാനം. പൊതുജനങ്ങൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ക്ലൗഡ് അധിഷ്ഠിത ആപ്പാണ് ഡിജി ലോക്കർ. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് പോളിസികൾ, വാഹനങ്ങളുടെ ആർ.സി, വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ബാങ്ക് ഡെപ്പോസിറ്റ് ഡീറ്റെയിൽസ് തുടങ്ങി പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ പറ്റുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിങ് പ്ലാറ്റ്ഫോമാണിത്. കേന്ദ്ര സർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ ഒരു സംരംഭമാണിത്. ഇതിനെപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ട് കാര്യമായി ആളുകൾ ഇത് ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.
ഡിജിലോക്കറിന്റെ പ്രാധാന്യം
ഒന്നാമതായി സുപ്രധാന രേഖകൾ നഷ്ടപ്പെടുമെന്ന ടെൻഷൻ വേണ്ട. ഒറിജിനൽ ഡോക്യുമെന്റിന്റെ അതേ വാലിഡിറ്റി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾക്കും ഉണ്ടാകും. ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്ട് വ്യവസ്ഥകൾ അനുസരിച്ച് ഡിജി ലോക്കറിൽ രേഖകൾക്കു ഒറിജിനൽപോലെ നിയമസാധുത ഉണ്ട്. ഉയർന്ന സെക്യൂരിറ്റിയും ചെലവ് കുറഞ്ഞ, പേപ്പർ രഹിത, എളുപ്പത്തിൽ വീണ്ടെടു ക്കാവുന്നതുമായ ഒരു സ്റ്റോറേജ് സംവിധാനമാണിത്. ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റത്തിൽ ഉള്ള ഡേറ്റകൾ ഓട്ടോമാറ്റിക് ആയി ഡിജി ലോക്കറിൽ കിട്ടാനുള്ള സൗകര്യമുണ്ട്. നിലവിൽ ഒരു ജി.ബി സ്പേസ് ഉള്ളതുകൊണ്ട് ധാരാളം രേഖകൾ അപ്ലോഡ് ചെയ്യാം.
ഡിജിലോക്കർ അക്കൗണ്ട് എങ്ങനെ ഉണ്ടാക്കാം
ഡിജിലോക്കറിൽ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ് ആദ്യപടി. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ ആപ് ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഒരു അക്കൗണ്ട് നിർമിക്കാം(https://digilocker.gov.in). നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതായത് പേര്, ജനന തീയതി, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ ഇവ നൽകി അക്കൗണ്ട് തുറക്കുക. നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ് എന്നിവ ലിങ്ക് ചെയ്യണം. ആധാറുമായി ബന്ധിച്ച ഫോൺ നമ്പറിൽ ഒ.ടി.പി വരും. യൂസർ ഐഡി, പാസ് വേഡ് (ആറ് അക്ക നമ്പർ) ഇവ സെറ്റുചെയ്യുക.
ഡോക്യുമെന്റുകൾ എങ്ങനെ അപ്ലോഡ് ചെയ്യാം
യൂസർ നെയിം, സെക്യൂരിറ്റി പിൻ ഇവ ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. അതിനുശേഷം അപ് ലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈൽ /കമ്പ്യൂട്ടറിൽ ഉള്ള രേഖകൾ (PDF JPG PNG ഫോർമാറ്റിൽ) ഡിജി ലോക്കറിൽ അപ്ലോഡ് ചെയ്യുക. ഇതിനുശേഷം, അപ്ലോഡ് ചെയ്ത ഫയലിലേക്ക് അതിന്റെ തരം അസൈൻ ചെയ്യാൻ നിങ്ങൾ ഡോക് ടൈപ്പ് ക്ലിക്ക് ചെയ്യണം. ഇങ്ങനെ അപ്ലോഡ് ചെയ്ത രേഖകൾ നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ടിൽ സൂക്ഷിക്കപ്പെടും.
എസ്.ബി.ഐ തുടങ്ങി പല ബാങ്കുകളുടെയും ഓൺലൈൻ ഡെപോസിറ്റ് അക്കൗണ്ടുകളിൽനിന്ന് നേരിട്ട് ഡിജി ലോക്കറിലേക്ക് അപ്ലോഡ് ചെയ്യാം. (ക്ലിക്ക് അപ്ലോഡ് ഡിജി ലോക്കർ ബട്ടൺ) ഇതിൽ അപ്ലോഡ് ചെയ്തതും മറ്റ് സർക്കാർ സംവിധാനങ്ങളിൽനിന്ന് ഡിജിറ്റൽ ആയി നേരിട്ട് ലഭ്യമായിട്ടുള്ള രേഖകളും നിങ്ങൾക്ക് കാണാൻ സാധിക്കും. ഇത് ആവശ്യം വരുമ്പോൾ തുറന്ന് ഉപയോഗിക്കാം. ലിങ്ക് വഴി അല്ലെങ്കിൽ ക്യൂ.ആർ കോഡ് വഴി രേഖകൾ കൈമാറ്റം ചെയ്യാം. ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ആവിഷ്കരിച്ച് നടപ്പാക്കിയ ഈ ഡിജിറ്റൽ വാലറ്റ് സംവിധാനം നിലവിൽ വന്നിട്ട് പത്തുവർഷമായെങ്കിലും ഉപയോഗം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്. വളരെ ഉയർന്ന നിലവാരത്തിലുള്ള സെക്യൂരിറ്റി ഫീച്ചേഴ്സ് ഉള്ള ഈ സംവിധാനത്തിനതിന് പ്രത്യേകിച്ച് ചെലവുകൾ ഒന്നും തന്നെ ഇല്ല എന്നുള്ളതും വളരെ പ്രാധാന്യമർഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കുക.
തുടരും