ഡിമാന്റ് കുറഞ്ഞു, ഏഷ്യയിലേക്കുള്ള എണ്ണ വില കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ

news image
Sep 2, 2024, 1:40 pm GMT+0000 payyolionline.in

ഷ്യന്‍ രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ വില കുറച്ച് നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി അറേബ്യ.  ഇന്ത്യയടക്കം സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. ബാരലിന് 70 സെന്‍റ്സ് വരെ വില കുറയ്ക്കാനാണ് സാധ്യത. ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയുടെ ഉപഭോഗം കുറഞ്ഞതാണ് വില കുറയ്ക്കാന്‍ സൗദി അറേബ്യയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

ചൈനയുടെ നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റ് മേഖലയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ രണ്ട് മേഖലയുടെയും ഇന്ധന ഉപഭോഗത്തിലും ഈ തകര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. സാധാരണയായി സെപ്തംബര്‍ മാസത്തില്‍ ചൈനയുടെ എണ്ണ ഉപഭോഗം ഉയരാറുണ്ട്. ഇത്തവണ അത് പ്രതീക്ഷിക്കുന്നില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഒക്ടോബര്‍ മാസം മുതല്‍ എണ്ണ ഉപഭോഗം വര്‍ധിപ്പിക്കാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ പ്രതിദിനം 1.80 ലക്ഷം ബാരല്‍ എണ്ണയാണ് അധികമായി വിപണിയിലെത്തുക. ഇത് വീണ്ടും എണ്ണ വില കുറയുന്നതിന് ഇടയാക്കുമെന്ന ആശങ്ക എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ ഇടയില്‍ നില നില്‍ക്കുന്നുണ്ട്. എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 2.2 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഇതിലെ 1.80 ബാരലിന്‍റെ വെട്ടിക്കുറവാണ് ഒക്ടോബര്‍ മുതല്‍ പിന്‍വലിക്കാനിരിക്കുന്നത്.

സൗദി അറേബ്യ വില കുറച്ചേക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ ഇടിവുണ്ടായി.  ബാരലിന് 72.89 ഡോളറായാണ് വില കുറഞ്ഞത്. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡ് വിലയിലും ഇടിവ് രേഖപ്പെടുത്തി. ബാരലിന് 0.14 ശതമാനം താഴ്ന്ന് 76.10ലാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe