പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അതിനിടെ, സിപിഎം നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എംആർ മുരളിയും വിനേഷിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തി. പ്രാദേശിക സിപിഎം നേതാക്കളും മുരളിക്കൊപ്പം ഉണ്ട്. ആക്രമണം വ്യക്തിപരമായ തർക്കങ്ങളെ തുടർന്നാണെന്ന് സിപിഎം പ്രതികരിച്ചു. വാണിയംകുളം പനയൂർ സ്വദേശിയാണ് ഗുരുതരാവസ്ഥയിലായ വിനേഷ്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ശബ്‌ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഇൻ്റിമേഷൻ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിനേഷിൻ്റെ കുടുംബം അടിയുറച്ച സിപിഎം കുടുംബമാണ്. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു വിനേഷ്. അതേസമയം, കേസിലെ പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായതായി സൂചനയുണ്ട്. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേർ പിടിയിലായതായാണ് വിവരം. ഷൊർണൂരിൽ നിന്നും ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായി എന്നാണ് വിവരം.