ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തി പണം വാങ്ങി, മോൻസൻ കേസ് പരാതിക്കാര്‍ ഹൈക്കോടതിയിൽ

news image
Mar 7, 2024, 12:28 pm GMT+0000 payyolionline.in

കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരൻ ഹൈക്കോടതിയിൽ. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ ഒരാളായ യാക്കൂബിനോട് പണം ആവശ്യപ്പെട്ടുവെന്നാണ് പരാതിയിലുളളത്. അനുമോൾ, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപയും, റസ്റ്റത്തിന്‍റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല സമയങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരിൽ കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.

 

 

സർക്കാരിൽ നിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളം മാത്രമാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പുവീരൻ മോൻസന് കൊടുത്ത പണം വീണ്ടെടുക്കണമെങ്കിൽ പരാതിക്കാരും പൊലീസിന് പണം നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പണം കൈമാറിയ ശേഷം ഗൂഗിൾ പേ സ്ക്രീൻഷോട്ട് ആവശ്യപ്പെട്ട് റസ്റ്റം അയച്ചതായി ആരോപിച്ചുള്ള ഓഡിയോ ക്ലിപ്പും പരാതിക്കാർ കോടതിയിൽ ഹാജരാക്കി. പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണമുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ മറ്റൊരു പരാതിക്കാരനായ ഷെമീറിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയ‍ര്‍ന്നിട്ടുണ്ട്. മോൻസൻ മാവുങ്കൽ,കെ സുധാകരൻ , മുൻ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം ഉൾപ്പടെ മൂന്ന് പേരെ പ്രതിയാക്കി ഡിവൈഎസ്പി റസ്റ്റം കേസിൽ ആദ്യഘട്ട കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe