ആധാർ കാർഡിന്റെ രൂപം പാടെ മാറാൻ ഒരുങ്ങുന്നു. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ. കോഡും മാത്രമായിരിക്കും പ്രധാനമായും ഉണ്ടാകുക.
യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കൊണ്ടുവരുന്ന ഈ മാറ്റത്തിലൂടെ, പേര്, വിലാസം, 12 അക്ക ആധാർ നമ്പർ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ക്യു.ആർ. കോഡിൽ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്യപ്പെടും.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ. കോഡും മാത്രം.
വ്യക്തിവിവരങ്ങൾ ക്യു.ആർ. കോഡിനുള്ളിൽ മറഞ്ഞിരിക്കും.
ഡിജിറ്റൽ ഉപയോഗം നിർബന്ധമാക്കും.
വ്യാജ ആധാർ നിർമ്മാണവും തട്ടിപ്പും തടയുകയാണ് ലക്ഷ്യം.
പുതിയ കാർഡിന്റെ ഫോട്ടോകോപ്പി അനുവദിക്കില്ല.
ആവശ്യക്കാർക്ക് ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ മാത്രം ലഭ്യമാക്കാം. (ഉദാഹരണത്തിന്: പേരും ഫോട്ടോയും മാത്രം.
പുതിയ ആധാർ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ?
ഡിസംബർ ഒന്നു മുതൽ പുതിയ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായുള്ള മൊബൈൽ ആപ്പ് നിലവിൽ വരും.
ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും, ഐഫോണിൽ ആപ്പിൾ സ്റ്റോറിലും നിന്നും ‘Aadhaar’ എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആധാർ നമ്പർ നൽകുക.
ലിങ്ക് ചെയ്‌ത മൊബൈലിൽ വരുന്ന ഒ.ടി.പി. ഉപയോഗിച്ച് വിവരങ്ങൾ വെരിഫൈ ചെയ്യുക.
മുഖത്തിന്റെ ചിത്രം സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുക.
ആറക്ക പിൻ നൽകുന്നതോടെ ആധാർ ഉപയോഗിച്ചു തുടങ്ങാം.
ശ്രദ്ധിക്കുക: പുതിയ ആപ്പിൽ നിന്നും സ്ക്രീൻഷോട്ട് എടുക്കാനോ പ്രിന്റ് ചെയ്യാനോ കഴിയില്ല.
കുടുംബാംഗങ്ങൾക്കും ഒരു ഫോണിൽ
ഒരു മൊബൈൽ ഫോൺ നമ്പറിൽ ഡൗൺലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ചുപേരുടെ ആധാർ വരെ കൈകാര്യം ചെയ്യാം. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ഇതുവഴി ആധാർ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി എല്ലാ കാർഡുകളും ഒരേ ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം
നിലവിലെ കാർഡ് ഉടൻ അസാധുവാകുമോ?
സമ്പൂർണ്ണമായി പുതിയ സംവിധാനം വരുന്നതുവരെ നിലവിലെ കാർഡ് ഉപയോഗിക്കാം. അതിനുശേഷം മാത്രമേ നിലവിലെ കാർഡ് അസാധുവാക്കൂ. മാർഗ്ഗനിർദ്ദേശങ്ങൾ UIDAI പിന്നീട് പുറപ്പെടുവിക്കും.
