ഷിംല: ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയോഗിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ പ്രധാന ട്രബിൾ ഷൂട്ടർ എന്നാണ് എന്നാണ് ഡി.കെ. അറിയപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ ദിവസം ഹിമാചലിലെ രാജ്യസഭ സീറ്റ് കോൺഗ്രസിന് നഷ്ടമായിരുന്നു. 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്നു.
ബി.ജെ.പിക്ക് 25ഉം. രാജ്യസഭ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെ ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ വിമതനീക്കത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് എം.എൽ.എയും മുൻ മുഖ്യമന്ത്രി വീർഭദ്രസിങ്ങിന്റെ മകനുമായ വിക്രമാദിത്യ സിങ് രാജിവെക്കുകയും ചെയ്തു.
കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സഭയിൽ വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘം ബുധനാഴ്ച രാവിലെ ഗവർണറെ കണ്ടിരുന്നു.
നാടകീയ നീക്കങ്ങൾ നടക്കുന്നതിനിടെ ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു രാജിവെച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എ.ഐ.സി.സി തള്ളുകയായിരുന്നു.