ഡി.ജി.പിയുടെ മകൾ 14 കിലോ സ്വർണം കടത്തിയത് ബെൽറ്റി​ൽ ഒളിപ്പിച്ച്; താരത്തെ പൊലീസ് കുടുക്കിയതിങ്ങ​​നെ…

news image
Mar 5, 2025, 10:30 am GMT+0000 payyolionline.in

 

ബംഗളൂരു:  നടിയും ഹൗസിങ് കോർപറേഷൻ ഡി.ജി.പിയുടെ മകളുമായ ​രന്യ റാവു 14 കിലോ സ്വർണം കടത്തിയത് ബെൽറ്റിൽ ഒളിപ്പിച്ച്. ഡി.ആർ.ഐയുടെ തന്ത്രപരമായ ഇടപെടലിനൊടുവിലാണ് ​രന്യ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്.

ദുബൈയിൽ നിന്നെത്തിയ​ രന്യയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടിയത്. 14 കിലോ ഗ്രാം സ്വർണം ബാറുകളായി ഇവർ ബെൽറ്റിൽ ഒളിപ്പിച്ചുവെക്കുകയായിരുന്നു. 800 ഗ്രാം സ്വർണം ആഭരണങ്ങളായും അണിഞ്ഞിരുന്നു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ​രന്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ബംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന സംഘവുമായി നടിക്ക് ബന്ധമുണ്ടെന്നാണ് ഡി.ആർ.ഐ സംശയിക്കുന്നത്. നിരവധി തെലുങ്ക്, തമിഴ്സിനിമകളിൽ അഭിനയിച്ചിട്ടുള്ള രന്യയുടെ പ്രധാന ചിത്രങ്ങൾ മാണിക്യ, പതാകി, വാഗ എന്നിവയാണ്.

നിരന്തരമായി വിദേശയാത്ര നടത്തുന്ന ​രന്യ ദിവസങ്ങളായി ഡി.ആർ.ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വർഷം മാത്രം 10 തവണ അവർ വിദേശയാത്ര നടത്തി. ഹ്രസ്വകാലത്തേക്കുള്ള ഈ സന്ദർശനങ്ങൾ അവരെ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതിന് ഇടയാക്കി.

നടിയുടെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ച ഡി.ആർ.ഐ കഴിഞ്ഞ ദിവസം നടിയെ വിമാനത്താവളത്തിൽ തടയുകയായിരുന്നു. പിന്നീട് വിശദമായ പരിശോധനയിൽ ഇവരിൽ നിന്നും സ്വർണം പിടിക്കുകയായിരുന്നു. ഇവർ വിമാനത്താവളത്തിലെത്തിയ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഡി.ആർ.ഐ അറിയിച്ചു. പരിശോധന നടത്തുമ്പോൾ നടിക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും ഡി.ആർ.ഐ കൂട്ടിച്ചേർത്തു.

ഐ.പി.എസ് ഉദ്യോഗസ്ഥർ പോലുള്ള മുതിർന്നവർക്ക് വേണ്ടിയുള്ള ഗ്രീൻ ചാനലിലൂടെയാണ് ​രന്യ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയിരുന്നത്. ഇതുമൂലം ഇവരെ പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സർക്കാർ വാഹനത്തിലാണ് ഇവർ പോയിരുന്നത്.

അതേസമയം, വിവാഹിതയായതിന് ശേഷം താൻ മകളുമായി അകൽച്ചയിലാണെന്നാണ് ഡി.ജി.പി കെ. രാമചന്ദ്ര റാവു പറയുന്നത്. വിവാഹത്തിന് ശേഷം മകൾ തങ്ങളെ വന്ന് കണ്ടിട്ടില്ലെന്നാണ് ഡി.ജി.പി വ്യക്തമാക്കുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു.

നേരത്തെ കേരളത്തിൽ നിന്നുള്ള ജ്വല്ലറി ഉടമയിൽ നിന്നും സ്വർണം പിടിച്ച സംഭവത്തിൽ ഡി.ജി.പിയും വിവാദത്തിലായിരുന്നു. തന്റെ കൈയിൽ നിന്ന് രണ്ട് കോടി രൂപ പിടിച്ചെടുത്ത് 20 ലക്ഷം മാത്രമേ രേഖപ്പെടുത്തിയുള്ളുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഗൺമാൻ പിടിയിലാവുകയും ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe