ഡോക്‌ടറുടെ കൊലപാതകം; എംപി സ്ഥാനം രാജിവച്ച്‌ തൃണമൂൽ നേതാവ്‌

news image
Sep 8, 2024, 4:40 pm GMT+0000 payyolionline.in

കൊൽക്കത്ത : ആർ ജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ എംപി സ്ഥാനം രാജിവച്ചു.  രാജ്യസഭാ എംപിയായ ജവഹർ സർക്കാർ ആണ് രാജിവച്ചത്. എംപി സ്ഥാനം രാജിവയ്‌ക്കുന്നതായി അറിയിച്ച്‌ ജവഹർ സർക്കാർ തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക്‌ കത്തെഴുതി.

ഡോക്‌ടറുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടിയും ഗവൺമെന്റും പരാജയപ്പെട്ടതായി ജവഹർ സർക്കാർ പറയുന്നു. സംഭവത്തെ തുടർന്ന്‌ പൊതുജനങ്ങളിൽ നിന്നുണ്ടായ പ്രതിഷേധത്തെ ഗവൺമെന്റ്‌ തെറ്റായ രീതിയിലാണ്‌ കൈകാര്യം ചെയ്തത്‌. എംപി സ്ഥാനം രാജിവയ്‌ക്കുന്നതിനോടൊപ്പം രാഷ്ട്രീയം അവസാനിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. ‘നീതിക്ക്‌ വേണ്ടി പൊരുതുന്ന മനുഷ്യരോടൊപ്പം ഞാനുണ്ടാകും. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളോടുള്ള എന്റെ പ്രതിബദ്ധത മാറ്റമില്ലാതെ തുടരും’- ജവഹർ സർക്കാർ പറഞ്ഞു.

മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിൽ അഴിമതിക്കാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിനെ ജവഹർ വിമർശിക്കുന്നുണ്ട്‌. അഴിമതിയെക്കുറിച്ചും ഒരു വിഭാഗം നേതാക്കളുടെ നല്ലതല്ലാത്ത പ്രവർത്തനരീതികളെക്കുറിച്ചും സംസ്ഥാന സർക്കാർ തീർത്തും ഉത്കണ്ഠ കാണിക്കാത്തതിനാൽ താൻ കൂടുതൽ നിരാശനായി എന്നും ജവഹർ സർക്കാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe