കൊൽക്കത്ത: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ കൂട്ടരാജി സാധുതയുള്ളതല്ലെന്നും സർവിസ് ചട്ടങ്ങൾ അനുസരിച്ച് വ്യക്തിഗതമായി സമർപ്പിക്കണമെന്നും പശ്ചിമ ബംഗാൾ സർക്കാർ. കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ വനിതാ ഡോക്ടർക്ക് നീതി തേടി ജൂനിയർ ഡോക്ടർമാർ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി സർക്കാർ ആശുപത്രികളിലെ നിരവധി ഡോക്ടർമാർ കൂട്ടായി ഒപ്പിട്ട രാജിക്കത്ത് സർക്കാറിന് സമർപ്പിച്ചിരുന്നു.
എന്നാൽ, സർവിസ് ചട്ടങ്ങൾ അനുസരിച്ച് ഒരു ജീവനക്കാരൻ തന്റെ രാജിക്കത്ത് തൊഴിലുടമക്ക് വ്യക്തിപരമായി അയച്ചില്ലെങ്കിൽ അത് രാജിക്കത്താവില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപൻ ബന്ദ്യോപാധ്യായ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രത്യേക കാരണങ്ങൾ ഒന്നും പരാമർശിക്കാതെ ഡോക്ടർമാർ അയച്ച കത്തുകൾ ‘കൂട്ട ഒപ്പ്’ മാത്രമാണെന്നും ബന്ദ്യോപാധ്യായ വ്യക്തമാക്കി.
ആർ.ജി കാർ മെഡിക്കൽ കോളജ്, ഐ.പി.ജി.എം.ഇ.ആർ, എസ്.എസ്.കെ.എം ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്നുള്ള മുതിർന്ന ഡോക്ടർമാർ കൂട്ട രാജിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്കിടയിൽ സർക്കാർ സ്ഥിതിഗതികൾ വ്യക്തമാക്കുകയാണെന്നും ബന്ദ്യോപാധ്യായ പറഞ്ഞു.
ഈ ആഴ്ച ആദ്യത്തിലാണ് ആർ.ജി കാർ മെഡിക്കൽ കോളേജിലെ ഒരു കൂട്ടം മുതിർന്ന ഡോക്ടർമാർ ‘കൂട്ട രാജി’ക്കത്ത് അയച്ചത്. തുടർന്ന് മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ സമാനമായ കത്തുകൾ അയച്ചു. കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവർത്തകക്ക് നീതി ലഭ്യമാക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ രാജി, ജോലിസ്ഥലത്തെ സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ നിരവധി സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാർ മരണം വരെ നിരാഹാര സമരം നടത്തുകയാണ്.
മുതിർന്ന ഡോക്ടർമാർ സാധാരണ നിലയിൽ ജോലി ചെയ്യുന്നതിനാൽ സർക്കാർ നടത്തുന്ന ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഉറപ്പിച്ചു. ജൂനിയർ ഡോക്ടർമാർ ഒക്ടോബർ 4ന് സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും തങ്ങളുടെ സമ്പൂണ പണിമുടക്ക് ഭാഗികമായി അവസാനിപ്പിച്ചിരുന്നു.