ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

news image
May 11, 2023, 2:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന വിലയിരുത്തലുമായി പൊലീസ്. പരിക്കേറ്റയാളെ  ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തതെന്നും ആശുപത്രിയിൽ എത്തിക്കുന്നതു വരെ പ്രകോപനം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് മറ്റ് കേസുകളിൽ പ്രതിയല്ല. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേൽക്കുകയായിരുന്നു. അക്രമിയെ തടയുകയാണ് ചെയ്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും.

എഫ്.ഐ.ആറിൽ മാറ്റം വരുത്തുകയും ചെയ്യും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരുത്തുമെന്നാണ് വിവരം. അതേസമയം, കേസിൽ ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിം​ഗ് ഇന്ന് രാവിലെ പത്തിന് നടക്കും.

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഇന്നലെ രം​ഗത്തെത്തിയിരുന്നു. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇന്ന് ഹാജരാവുന്നത്. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe