ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

news image
Jan 20, 2025, 5:59 pm GMT+0000 payyolionline.in

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.

അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ  നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.

രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കും. ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. ഇത് ലോകത്താകമാനം കയറ്റുമതി ചെയ്യും. ഇതിലൂടെ അമേരിക്കയുടെ സമ്പത്ത് വർധിപ്പിക്കും. അലാസ്കയിൽ ഓയിൽ ആൻ്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡൻ്റെ ഉത്തരവ് റദ്ദാക്കി ഖനനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എക്സ്റ്റേണൽ റവന്യൂ സർവീസ് തുടങ്ങുമെന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് നികുതി ഉയർത്തി ഇതിലൂടെ വരുമാനം വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ആദ്യമായി സർക്കാർ കാര്യക്ഷമാ വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടിയെടുക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പാക്കും. എല്ലാ നഗരങ്ങളിലും ക്രമസമാധാനം ഉറപ്പാക്കും.

സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂവെന്നും ട്രാൻസ്ജെൻഡർ ഇനിയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകസമാധാനം ഉറപ്പാക്കും. അധികാരത്തിലേക്ക് താൻ തിരിച്ചെത്തുന്നതിൻ്റെ തലേദിവസം മധ്യേഷ്യയിൽ ബന്ദികൾ സ്വതന്ത്രരായത് ഇതിൻ്റെ ഭാഗമാണ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe