ഡോളറിൽ തട്ടി സ്വർണം താഴേക്ക്; കേരളത്തിൽ ഇന്നും മികച്ച കുറവ്

news image
Mar 24, 2025, 5:12 am GMT+0000 payyolionline.in

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 8,215 രൂപയും പവന് 120 രൂപ താഴ്ന്ന് 65,720 രൂപയുമായി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കുറഞ്ഞു. ഈ മാസം 20ന് കുറിച്ച പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയുമാണ് കേരളത്തിലെ (Kerala Gold Price) സർവകാല റെക്കോർഡ്.

സ്വർണം വൻതോതിൽ‌ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.

വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. ബുക്ക് ചെയ്തശേഷം വില വൻതോതിൽ കുറയുന്നദിവസം ഷോറൂമിലെത്തി സ്വർണം വാങ്ങിയാൽ മതിയാകും.

സ്വർണത്തിന് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുണ്ടെന്നതും ഓർക്കണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 18 കാരറ്റ് സ്വർണവിലയിലും ഇന്നു മാറ്റമുണ്ട്. ചില കടകളിൽ ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,740 രൂപയായപ്പോൾ ചില കടകളിൽ 10 രൂപ തന്നെ കുറഞ്ഞ് 6,785 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ചില കടകളിൽ രണ്ടുരൂപ കുറഞ്ഞ് 108 രൂപയായി. മറ്റു ചില കടകളിൽ‌ 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

ചാഞ്ചാട്ടത്തിൽ രാജ്യാന്തര വിപണി

കഴിഞ്ഞ വ്യാഴാഴ്ച ഔൺസിന് 3,058 ഡോളർ എന്ന റെക്കോർഡ് കുറിച്ചശേഷം തുടർന്നുള്ള ദിവസങ്ങളായി 3,000 ഡോളറിലേക്ക് രാജ്യാന്തരവില താഴ്ന്നിരുന്നു. പിന്നീട് 3,022 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇന്നു വീണ്ടും 3,015 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കി.

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് കഴിഞ്ഞയാഴ്ചയിലെ 103 നിലവാരത്തിൽ നിന്ന് ഇപ്പോൾ 104.12ലേക്ക് മെച്ചപ്പെട്ടതും സ്വർണവിലയെ വീഴ്ത്തി. ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങാനുള്ള ചെലവ് കൂടുകയും അതു ഡിമാൻഡിനെ ബാധിക്കുകയും ചെയ്യും. ഫലത്തിൽ, സ്വർണവില താഴേക്കും നീങ്ങും. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്.

എല്ലാ കണ്ണുകളും സമാധന ചർച്ചയിലേക്ക്

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് സമ്പദ്‍വ്യവസ്ഥ നേരിടുന്ന മാന്ദ്യഭീതി, യുഎസിൽ 2025ൽ രണ്ടുതവണ കൂടി അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചന എന്നിവയാണ് കഴിഞ്ഞവാരം സ്വർണവിലയെ മുന്നോട്ടുനയിച്ചത്. അതേസമയം, പ്രഡിസന്റ് ട്രംപിന്റെ താരിഫ് നയം ഉൾപ്പെടെയുള്ള സാമ്പത്തിക തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ ഡോളർ ഇൻഡക്സും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) മെച്ചപ്പെട്ടത് നിലവിൽ സ്വർണവിലയെ താഴേക്ക് നയിക്കുകയായിരുന്നു.

എന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ (റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഹമാസ്) തുടരാനുള്ള സാധ്യത, താരിഫ് യുദ്ധം ആഗോള സമ്പദ്‍വ്യവസ്ഥയെ ഉലച്ചേക്കാമെന്ന വിലയിരുത്തൽ എന്നിവ സ്വർണവിലയ്ക്ക് തിരിച്ചുകയറാനുള്ള അനുകൂല സാധ്യതകളാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങൾ ശക്തമാണ്. ഇതു സാധ്യമായാൽ സ്വർണവിലയുടെ കുതിപ്പിന് താൽകാലിക വിരാമമാകും; വില തൽകാലത്തേക്ക് താഴുമെന്നും നിരീക്ഷകർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe