ഡോ. വന്ദന കൊലപാതകം: നാളെയും സമരം തുടരുമെന്ന് ഡോക്ടർമാർ; കടുത്ത നിലപാടുമായി കെജിഎംഒഎ

news image
May 10, 2023, 4:54 pm GMT+0000 payyolionline.in

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിലപാട് ശക്തമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം നാളെയും തുടരുമെന്ന് അറിയിച്ചു. ഒരു പടി കൂടെ കടന്ന് വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളിൽ സേവനം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്ന് ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. ഡോക്ടർമാരുടെ ആവശ്യങ്ങളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി ചർച്ചയിൽ ഉറപ്പ് നൽകിയെങ്കിലും അത് പോരെന്ന നിലപാടിൽ ഡോക്ടർമാർ ഉറച്ചു നിൽക്കുകയായിരുന്നു.

കെജിഎംഒഎ മുന്നോട്ട് വെച്ച ആവശ്യങ്ങൾ

ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് ഓർഡിനൻസ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക. സിസിടിവി ഉൾപ്പടെ സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തി, പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ  സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുക. ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക. അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക. പോലീസ് കസ്റ്റഡിയിലു ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക. കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുക. കൃത്യവിലോപം നടത്തിയ പോലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുക. അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 സിഎംഒമാരെ ഉൾപ്പെടുത്താൻ സാധിക്കുന്ന വിധത്തിൽ കൂടുതൽ സിഎംഒമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe