കൊല്ലം: സംസ്ഥാനത്ത് ആദ്യമായി ആശുപത്രി ഡ്യൂട്ടിക്കിടെ ഡോക്ടർ കൊലചെയ്യപ്പെട്ട സംഭവത്തിൽ ഒടുവിൽ വിചാരണക്ക് തുടക്കമാകുന്നു. കേരളത്തെ ഞെട്ടിച്ച ഡോ. വന്ദനാദാസ് കൊലപാതകത്തിന്റെ രണ്ടാം വാർഷികം അടുക്കവെയാണ് കോടതിയിൽ വിചാരണക്ക് ബുധനാഴ്ച ആരംഭമാകുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവം നടക്കുമ്പോൾ ദൃക്സാക്ഷികൾ ആയിരുന്നവരുൾപ്പെടെ വിചാരണയുടെ ആദ്യഘട്ടത്തിൽ 50 സാക്ഷികളുടെ വിസ്താരമാണ് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ നടക്കുന്നത്.
പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ച കുടവട്ടൂർ സ്വദേശിയായ സന്ദീപാണ് പ്രതി. സംഭവസമയം ഡോ. വന്ദനയോടൊപ്പം കാഷ്വാലിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യദിനത്തിൽ വിസ്തരിക്കുന്നത്. 2023 മേയ് 10ന് നടന്ന കൊലപാതകത്തെ സംബന്ധിച്ച് പൊലീസിന് ആദ്യ മൊഴി നൽകിയത് ഡോ. മുഹമ്മദ് ഷിബിനാണ്. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സന്ദീപ്, കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവർ, രണ്ട് സമീപവാസികൾ എന്നിവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നതാണ് കേസ്.
കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 35ഓളം ഡോക്ടർമാർ കേസിൽ സാക്ഷികളായുണ്ട്. നേരത്തെ കോടതി കേസിന്റെ വിചാരണ തീയതി നിശ്ചയിച്ചിരുന്നെങ്കിലും പ്രതി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് വിചാരണ നീളുകയായിരുന്നു. കൂടാതെ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചതും വിചാരണ നീട്ടി.
പ്രോസിക്യൂഷന് വേണ്ടി സർക്കാർ നിയമിച്ച സ്പെഷൽ പ്രോസിക്യൂട്ടറാണ് കേസിൽ ഹാജരാകുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ കോടതിയിൽ ഹാജരാകും.