കൊല്ലം: ഡ്യൂട്ടിയിലുള്ള ഡോക്ടറെ കൊലപ്പെടുത്തിയ കേസ് എന്ന നിലയിൽ ഏറെ പൊതുജന ശ്രദ്ധ ആകർഷിച്ച കേസായിരുന്നു ഡോ. വന്ദന ദാസ് കൊലക്കേസ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഡോക്ടർമാരെ സാക്ഷികളായി വിസ്തരിച്ചു. വൈദ്യ ശാസ്ത്ര രംഗത്തെ വിവിധ മേഖലകളിലെ 35 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. കൂടാതെ കൃത്യത്തിനു തൊട്ടുമുൻപ് പ്രതി സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. ആ വിഡിയോ ദൃശ്യങ്ങളിൽ ഡോ. വന്ദനയും കൂടെയുള്ള ഡോ. ഷിബിനും പ്രതിയെ പരിശോധിക്കുന്നതും ചികിത്സ നൽകുന്നതുമായ രംഗങ്ങളും ഉൾപ്പെട്ടിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയറിയിച്ചു. പ്രതി മാനസിക ദൗർബല്യത്തിനു ചികിത്സ തേടുന്നുണ്ടെന്നു തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ മരുന്നുകളെ കുറിച്ചും കോടതിയിൽ ദൈർഘ്യമേറിയ വാദപ്രതിവാദങ്ങൾ നടന്നു. പ്രതിഭാഗം പറഞ്ഞ മരുന്നുകളുടെ ഡോസേജുകൾ സാധാരണ മനോരോഗ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണെന്നു കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ജയിലിൽ തടവുകാരനായി കഴിഞ്ഞ വേളയിൽ തനിക്ക് രക്ഷപ്പെടാനുള്ള മാർഗമായി മാനസിക ദൗർബല്യത്തെ ഉപയോഗപ്പെടുത്താൻ പ്രതി ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. അതിനുവേണ്ടി ജയിൽ ലൈബ്രറിയിലെ മെഡിക്കൽ ഗ്രന്ഥങ്ങൾ പ്രതി വായിക്കുകയും തുടർന്ന് തന്നെ പരിശോധിച്ച മനോരോഗ വിദഗ്ധരോട് തനിക്ക് സ്കിസോഫ്രീനിയ എന്ന രോഗം ഉണ്ട് എന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം നടന്ന് മൂന്നാം ദിനം തന്നെ മനോരോഗ വിദഗ്ധനുമായി പ്രതിയുടെ അഭിമുഖം നടത്തിയിരുന്നു. വൈകാതെ മെഡിക്കൽ ബോർഡ് രൂപീകരിച്ചും മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ഡോക്ടർമാരുടെ മൊഴികളിലൂടെയാണ് പ്രതിഭാഗത്തിന്റെ വാദം പരാജയപ്പെട്ടത്.
തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് സംഭവം നടന്ന് മൂന്നാം ദിവസമാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. റൂറൽ എസ്പി എം.എൽ. സുനിലിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.എം. ജോസാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്. കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, ക്രൈം ബ്രാഞ്ച് എസ്ഐമാരായ സി.മനോജ്കുമാർ, വൈ.ബേബിജോൺ, പി.ജോസ്, ഇ. നിസാമുദീൻ, എഎസ്ഐ ഡി. ജിജിമോൾ, ഓഫിസർമാരായ ബി. ബിനു,മ ഹേഷ് മോഹൻ, നജീം, ഹരിഗോവിന്ദ്, സന്തോഷ് എന്നിവരും അന്വേഷണ സഹായികളായി.
