കൊച്ചി ∙ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ സത്യം കണ്ടെത്താൻ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണം തികച്ചും പ്രഫഷനൽ രീതിയിലാണു മുന്നോട്ടു പോകുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് മറുപടി സത്യവാങ്മൂലം നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി 24ന് പരിഗണിക്കും.മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കടമയുള്ള പൊലീസുകാർ പുറത്തേക്ക് ഓടിയെന്നും സ്വയം രക്ഷയ്ക്ക് വാതിൽ കുറ്റിയിട്ടെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. പൊലീസുകാർ വാതിൽ കുറ്റിയിട്ടില്ല, പകരം അവർ കൂടുതൽ പൊലീസുകാർക്കായി കൺട്രോൾ റൂമിൽ ബന്ധപ്പെടുകയായിരുന്നു. വന്ദന സുരക്ഷിതമല്ലാത്ത നിലയിൽ നിൽക്കുകയാണെന്നും ഒബ്സർവേഷൻ മുറിയിൽ പെട്ടുപോയെന്നും പൊലീസിന് അറിവുണ്ടായിരുന്നില്ല.
സന്ദീപിനെ നിയന്ത്രണത്തിലാക്കാൻ പൊലീസുകാർ കഴിയാവുന്നതൊക്കെ ചെയ്തു. ഇതിനിടെ ഹോംഗാർഡ് അലക്സ് കുട്ടിക്ക് തലയിലും തോളിലുമായി ആറു തവണ കുത്തേറ്റു. എഎസ്ഐ മണിലാലിന് തലയ്ക്ക് കുത്തേറ്റു. എസ്ഐ ബേബിക്ക് കാൽമുട്ടുകൾക്ക് പരുക്കേറ്റു. മുറിവേറ്റിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു പൊലീസ്. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസിന്റെ ഭാഗത്തു സുരക്ഷാ വീഴ്‌ചയുണ്ടെന്നും ഇയാളെ കൈവിലങ്ങ് അണിയിക്കാതെയാണ് കൊണ്ടു വന്നതെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.