ഡ്രഡ്‌ജർ അഴിമതി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

news image
Aug 8, 2023, 9:54 am GMT+0000 payyolionline.in

ന്യൂഡൽഹി> ഡ്രഡ്‌‌ജർ അഴിമതിക്കേസിൽ വിജിലൻസ്‌ മുൻ ഡയറക്‌ടർ ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ‌ ചെയ്‌തു.  വിജിലൻസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

ഡ്രഡ്‌‌ജർ അഴിമതിക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജേക്കബ് തോമസ്‌ തുറമുഖ വകുപ്പ്‌ ഡയറക്‌ട‌ർ ആയിരിക്കെ നെതർലന്റ്‌സ്‌ ആസ്ഥാനമായ കമ്പനിയിൽനിന്ന്‌ ഡ്രഡ്‌‌ജർ വാങ്ങിയ ഇടപാടിൽ അഴിമതി ഉണ്ടെന്ന്‌ നേരത്തേ വിജിലൻസ്‌ കണ്ടെത്തിയിരുന്നു. സാങ്കേതിക സമിതിയെപ്പോലും മറികടന്ന്‌ ഇടപാടിന്‌ ജേക്കബ് തോമസ്‌ ഒത്താശ ചെയ്‌തെന്നാണ്‌ കണ്ടെത്തൽ. എന്നാൽ, സെൻട്രൽ പർച്ചേസിങ് കമ്പനിയുടെ തീരുമാനപ്രകാരമാണ്‌ ഇടപാടെന്ന ജേക്കബ് തോമസിന്റെ വാദം അംഗീകരിച്ച്‌ ഹൈക്കോടതി കേസ്‌ റദ്ദാക്കുകയായിരുന്നു.

ഈ ഉത്തരവിന്‌ എതിരെയാണ്‌ സംസ്ഥാനസർക്കാർ അപ്പീൽ നൽകിയത്‌. പല നിർണായക വിവരങ്ങളും ജേക്കബ് തോമസ്‌ മറച്ചുവച്ചെന്നതടക്കമുള്ള വാദങ്ങളാണ്‌ സർക്കാർ ഉന്നയിച്ചിട്ടുള്ളത്‌. നേരത്തേ, പൊതുപ്രവർത്തകനായ സത്യൻ നരവൂർ നൽകിയ ഹർജിയിലും സുപ്രീംകോടതി ജേക്കബ് തോമസിന്‌ നോട്ടീസ്‌ അയച്ചിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe