തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച് ’ രീതി മാറ്റുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. റിവേഴ്സ് പാർക്കിങ്ങും കയറ്റത്തിൽ വണ്ടി നിർത്തി എടുക്കലുമടക്കം ഉൾപ്പെടുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കും.
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർതന്നെ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിലെ പഠിതാക്കളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരുദ്യോഗസ്ഥർ ഇത്തരത്തിൽ ഒമ്പത് പേരെയാണ് ബോധപൂർവം തോൽപ്പിച്ചത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കും. ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയതോടെ വിജയിക്കുന്നവരുടെ ശതമാനം കുറഞ്ഞു. 80 ന് മുകളിൽ ആയിരുന്ന വിജയശതമാനം നിലവിൽ 52 ആണ്. ഗുണനിലവാരത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന് ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്‌റ്റേഷനുകൾ (എടിഎസ്) സ്ഥാപിക്കും. പുതിയ 19 എടിഎസുകൾ സ്ഥാപിക്കാനുള്ള ടെൻണ്ടർ നടപടി പുരോഗമിക്കുന്നു. കൂടാതെ നിർമാണം പൂർത്തിയായ മൂന്ന് എടിഎസുകളുടെ പരിപാലനത്തിനും നിർമാണം ഭാഗികമായി പൂർത്തിയായ ആറ് എടിഎസുകൾ നിലവിലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അപ്‌ഗ്രേഡ് ചെയ്‌ത് തുടർ പരിപാലനത്തിനും പ്രത്യേക ടെൻഡർ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ വാഹനങ്ങളിൽ ക്യാമറ നിർബന്ധമാക്കും
സ്കൂൾ വാഹനങ്ങളിൽ കാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയെ അറിയിച്ചു. ജൂൺ ഒന്നിനുമുമ്പ് എല്ലാ സ്കൂൾ ബസുകളിലും കാമറ ഏർപ്പെടുത്തണം. മേയ് മാസം സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വരുമ്പോൾ ക്യാമറ ഘടിപ്പിച്ചിരിക്കണം. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ വാഹനങ്ങളിലും കാമറ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സേവനങ്ങൾക്കുള്ള അപേക്ഷകൾ തീർപ്പാക്കലിൽ കുടിശ്ശികയുള്ള മലപ്പുറം ജില്ലയിൽ പ്രത്യേക ഇടപെടൽ നടത്തും. അപേക്ഷ വികേന്ദ്രീകരിച്ച് തീർപ്പാക്കുന്ന സംവിധാനം വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷ കൂടുതലാണെങ്കിൽ തൊട്ടടുത്ത ഓഫീസിലേക്ക് ഫോർവേഡ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്‌തിപ്പെടുത്തുന്നതിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ഇരുചക്രവാഹനം നൽകാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.