ഡൽഹിയിലെ വിഷവായു: പ്രതിദിനം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യം; സ്കൂളുകൾ ഓൺലൈനിലേക്ക്

news image
Nov 18, 2024, 1:46 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം എ.ക്യു.ഐ 978 എന്ന അപകടകരമായ അവസ്ഥയിലെത്തി. ഇതോടെ ഡൽഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 49 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മുതൽ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയിലാവുകയും ഓരോ ദിവസം കഴിയുംതോറും മോശമാവുകയും ചെയ്യുന്നു.

ദേശീയ തലസ്ഥാനത്ത് മലിനീകരണ തോത് ഭയാനകമായ രീതിയിൽ വർധിച്ചിട്ടും ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജി.ആർ.എ.പി) സ്റ്റേജ് 4 നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതിന് എഎപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

എ.ക്യു.ഐ കണക്കനുസരിച്ച്, നവംബർ 18 ന് ഉച്ചയ്ക്ക് 12:30 വരെ ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 978 ആണ്. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. സമീപ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ, പടക്കങ്ങൾ, വ്യാവസായിക മലിനീകരണം എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാകുന്നു.

ഈ വായു ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശമായ സ്ഥിതിയിൽ 10, 12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും ഓൺലൈനായി മാറ്റി. മലിനീകരണ തോത് ഉയരുന്നതിനാൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും കൂടുതൽ നിർദേശങ്ങൾ ഉണ്ടാകുന്നതുവരെ ഓൺലൈനായി മാറുമെന്ന് ഡൽഹി മുഖ്യമന്ത്രി ആതിഷി എക്സിൽ കുറിച്ചു.

മലിനീകരണം മൂലം നഗരം ശ്വാസം മുട്ടുന്നതിനാൽ കൂടുതൽ ആളുകളെ ഉൾകൊള്ളാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ഡൽഹി മെട്രോ പ്രവർത്തി ദിവസങ്ങളിൽ മൊത്തം 60 അധിക ട്രിപ്പുകൾ നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe