ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തക കൊല്ലപ്പെട്ട കേസ്: 15 വർഷത്തിനു ശേഷം വിധി ഇന്ന്

news image
Oct 18, 2023, 2:58 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ ഇന്നു വിധി പറയും. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറയുന്നത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളിൽ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ കഴിഞ്ഞ 13നു വാദം പൂർത്തിയായ ശേഷം വിധി പറയാനായി അഡീഷനൽ സെഷൻസ് ജഡ്ജി രവികുമാർ പാണ്ഡേ ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

2009 മാർച്ചിലാണ് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരെ കസ്റ്റഡിയിലെടുത്തത്. ‍ഡൽഹി എൻസിആറിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302, 34 വകുപ്പുകളുമാണു പ്രതികളുടെ മേൽ ചുമത്തിയത്.

ഡൽഹി വസന്ത്കുഞ്ചിൽ താമസിച്ചിരുന്ന കുറ്റിപ്പുറം പേരിശന്നൂർ കിഴിപ്പള്ളി മേലേവീട്ടിൽ വിശ്വനാഥൻ– മാധവി ദമ്പതികളുടെ മകളാണ് സൗമ്യ. ഡൽഹി കാർമൽ സ്കൂളിലും ജീസസ് ആൻഡ് മേരി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ സൗമ്യ ദ് പയനിയർ പത്രത്തിലും സിഎൻഎൻ–ഐബിഎൻ ടിവിയിലും പ്രവർത്തിച്ചിരുന്നു. ഹെഡ്‌ലൈൻസ് ടുഡേയിൽ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു മരണം. ശുഭ വിശ്വനാഥനാണ് സഹോദരി.

∙ നീണ്ടുപോയ വിചാരണ

സൗമ്യ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം 2009 ഒക്ടോബറിലാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. 2010ൽ പ്രതികളെല്ലാം പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിൽ 489 പേജുള്ള കുറ്റപത്രമാണു പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

2019ൽ പ്രതികളിലൊരാളായ ബൽജിത് മാലിക്ക് വിചാരണ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കുറ്റപത്രം സമർപ്പിച്ച് ഒൻപതര വർഷം കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുന്നത് ഹൈക്കോടതി ചോദ്യംചെയ്തിരുന്നു. എന്നാൽ, സാക്ഷികൾ സമയത്തു ഹാജാരാകാതിരുന്നതും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതുമാണു വിചാരണ നീണ്ടുപോയതിനു കാരണമെന്നായിരുന്നു വിചാരണക്കോടതിയുടെ വിശദീകരണം. അതിനിടെ ജിഗിഷയെ കൊലപ്പെടുത്തിയ കേസിൽ 2016 ഓഗസ്റ്റിൽ വിചാരണക്കോടതി രവി കപൂറിനും അമിത് ശുക്ലയ്ക്കും വധശിക്ഷയും ബൽജീത് മാലിക്കിന് ജീവപര്യന്തവും വിധിച്ചു. 2018ൽ ഡൽഹി ഹൈക്കോടതി രവികപൂറിന്റെയും അമിത് ശുക്ലയുടെയും വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

 

∙ കണ്ണീരിൽ കുതിർന്ന കത്ത്

സൗമ്യ കൊല്ലപ്പെട്ട കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ എം.കെ.വിശ്വനാഥൻ 2019 ഫെബ്രുവരിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കത്തെഴുതി. പത്തു വർഷം ഉള്ളിലൊതുക്കിയ ദുഃഖം തുറന്നു പറഞ്ഞെഴുതിയ കത്തിൽ അധികൃതരുടെ പാഴ്‌വാക്കുകൾ കേട്ട് മനസ്സ് മടുത്തെന്നും ഉറച്ചൊരു നിലപാട് മുഖ്യമന്ത്രിയെങ്കിലും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേവർഷം തന്നെ കേസിൽ വിചാരണയ്ക്കു ഹാജരാകാതിരുന്ന പബ്ലിക് പ്രോസിക്യൂട്ടർക്കു കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ കേജ്‌രിവാൾ നിർദേശിച്ചു. പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും ഉത്തരവിട്ടു.

∙ പൊലീസിന്റെ കണ്ടെത്തൽ

അമിത്കുമാർ ശുക്ലയുടെ വീട്ടിൽ വച്ച് രാത്രി മദ്യപിച്ച ശേഷം, മോഷ്ടിച്ച വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ. ആ സമയത്താണ് സൗമ്യ ഒറ്റയ്ക്കു കാറോടിച്ചു പോകുന്നത് കണ്ടത്. മദ്യലഹരിയിലായിരുന്ന പ്രതികൾ മോഷണലക്ഷ്യത്തോടെ സൗമ്യയെ പിന്തുടർന്നു. നെൽസൺ മണ്ടേല റോഡിലെ ട്രാഫിക് ലൈറ്റിനു സമീപം സൗമ്യയുടെ കാറിനെ മറികടന്നു. സൗമ്യ കാർ നിർത്താതിരുന്നതിനെ തുടർന്ന് രവി കപൂർ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തു. തലയ്ക്കു വെടിയേറ്റ സൗമ്യ കൊല്ലപ്പെട്ടുവെന്ന് മനസ്സിലാക്കിയ പ്രതികൾ കടന്നുകളയുകയായിരുന്നു.

∙ ചുരുളഴിയാത്ത ദുരൂഹതകൾ

പ്രതികളെ കണ്ടെത്തിയെന്നു പൊലീസ് അവകാശപ്പെട്ടതിനു ശേഷവും കേസിൽ ഒട്ടേറെ ദുരൂഹതകൾ ബാക്കിയായിരുന്നു. മോഷണലക്ഷ്യത്തിലാണു കൊല നടന്നതെന്നു പൊലീസ് പറയുമ്പോഴും സൗമ്യയുടെ കാറിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നില്ല. മറ്റൊരു കാറിൽ മറികടന്നു വെടിവയ്ക്കുമ്പോൾ തലയ്ക്കു പിന്നിൽ വെടിയേൽക്കാനുള്ള സാധ്യതയും വിരളമാണ്.

കാറിന്റെ പിൻസീറ്റിൽ സൗമ്യയുടെ തലമുടി കണ്ടെത്തിയതും സംശയങ്ങൾ വർധിപ്പിക്കുന്നു. കാറിനുള്ളിൽ മൽപിടിത്തം നടന്നോ എന്നത് പൊലീസിനു കണ്ടെത്താനായില്ല. സൗമ്യ വധക്കേസ് തെളിയിക്കുന്നതിനായി പൊലീസ് കുറ്റം മനഃപൂർവം തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പ്രതികളുടെയും വാദം. എന്നാൽ, കേസിലെ മുഖ്യപ്രതി രവി കപൂറിന്റെ കുറ്റസമ്മതം ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മുന്നിൽ രേഖപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ വാദം.

∙ വഴിത്തിരിവായത് മറ്റൊരു കൊലപാതകം

2008 സെപ്റ്റംബർ 30നു പുലർച്ചെ ജോലി കഴിഞ്ഞു വസന്ത്കുഞ്ചിലെ വീട്ടിലേക്കു മടങ്ങുമ്പോൾ നെൽസൺ മണ്ടേല റോഡിൽ വച്ചാണു അക്രമിസംഘം സൗമ്യയുടെ കാർ തടഞ്ഞ് വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളെ സംബന്ധിച്ച സൂചന ലഭിച്ചത് കുറച്ചുനാളുകൾക്ക് ശേഷമാണ്. കോൾ സെന്റർ ജീവനക്കാരിയായിരുന്ന ജിഗിഷയെ ഫരീദാബാദിലെ സൂരജ്കുണ്ഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ പിടിച്ചതോടെയാണു സൗമ്യയെ കൊലപ്പെടുത്തിയതും ഇവർ തന്നെയാണെന്നു പൊലീസ് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe