ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്

news image
Jan 7, 2025, 10:47 am GMT+0000 payyolionline.in

ന്യൂഡൽഹി: 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിന് പോളിങ് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. ഈ മാസം പത്തിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 17 വരെ നാമനിർദേശപത്രിക നൽകാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. 58 ജനറൽ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. യു.പി, തമിഴ്നാട് ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.

വോട്ടർ പട്ടികയിലും ഇ.വി.എമ്മിലും അട്ടിമറി നടത്തിയെന്ന ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമീഷണർ വാർത്ത സമ്മേളനം തുടങ്ങിയത്. എല്ലാ വിവരങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്നും ചോദ്യം ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പോളിങ് ശതമാനത്തിൽ കൃത്രിമം കാണിക്കാനാകില്ല. ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. വാർത്തകൾ നൽകുന്നതിനു മുമ്പ് വസ്തുതകൾ പരിശോധിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡൽഹിയിൽ തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് ആം ആദ്മി പാർട്ടി (എ.എ.പി). ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എ.എ.പിയും ഇത്തവണ നേർക്കുനേർ പോരാട്ടം നടത്തുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പുതന്നെ എ.എ.പിയും ബി.ജെ.പിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിയിരുന്നു. 2020ൽ എഴുപതിൽ 62 സീറ്റുകൾ നേടിയാണ് എ.എ.പി അധികാരത്തിലേറിയത്.

എ.എ.പിയെയും പാർട്ടി കൺവീനർ കെജ്രിവാളിനെയും കടന്നാക്രമിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. എന്നാൽ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എ.പി പ്രചരണ രംഗം കൊഴുപ്പിക്കുന്നു. മൂന്നാം തവണയും അധികാരം നിലനിര്‍ത്താനുള്ള പ്രചാരണത്തിന് കെജ്രിവാളാണ് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി ആതിഷിയും സൗരഭ് ഭരദ്വാജും ഉൾപ്പെടെയുള്ള നേതാക്കൾ കെജ്രിവാളിന് പിന്തുണയുമായി ഒപ്പമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെയും എത്തിച്ചാണ് കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe