ന്യൂഡൽഹി: വ്യാജ ബോംബ് സന്ദേശമയച്ച ഡൽഹി സ്വദേശിയായ 25കാരനെ അറസ്റ്റ് ചെയ്തു. വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ച സംഭവത്തിൽ രണ്ടാമത്തെ അറസ്റ്റാണിത്. ആളുകൾക്കിടയിൽ ശ്രദ്ധകിട്ടാനാണ് ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് യുവാവ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടെന്ന ടി.വി റിപ്പോർട്ടുകൾ കണ്ടതിനു ശേഷമാണ് യുവാവ് ഇത്തരമൊരു പരിപാടിക്കായി ഇറങ്ങിത്തിരിച്ചത്.
ഒക്ടോബർ 14മുതൽ 275 വിമാനങ്ങൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച മുംബൈ പൊലീസ് 17കാരനെ കസ്റ്റഡിയിലെടുത്തിരുന്നു. അതിനു ശേഷമാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയും ശനിയാഴ്ച പുലർച്ചെയുമാണ് സാമൂഹിക മാധ്യമം വഴി സന്ദേശം ലഭിച്ചത്. തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിനിടയിലാണ് ഡൽഹിയിലെ ഉത്തം നഗർ ഭാഗത്ത് നിന്ന് ശുഭം ഉപാധ്യായ് പിടിയിലായത്. 12ാം ക്ലാസ് പൂർത്തിയാക്കിയ ഉപാധ്യായ് തൊഴിൽരഹിതനാണെന്നും പൊലീസ് പറഞ്ഞു.
വ്യാജ ബോംബ് ഭീഷണി സന്ദേശമയക്കുന്നവർക്ക് യാത്രവിലക്ക് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി വാം മോഹൻ നായിഡു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.