ന്യൂഡൽഹി: രാജ്യത്ത് തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഇത് വരുംനാളുകളിൽ തക്കാളിയുടെ വില വീണ്ടും ഉയർത്തുമെന്നാണ് റിപ്പോർട്ട്.
തക്കാളിവിലക്കയറ്റം കുറച്ച് കാലത്തേക്ക് കൂടി തുടരും. മഴക്കാലത്ത് കൂടുതൽ തക്കാളി ചെടികൾ വെക്കാനും സാധിക്കില്ല. അതുകൊണ്ട് വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്ന് നാഷണൽ കമ്മോഡിറ്റീസ് മാനേജ്മെന്റ് മാനേജിങ് ഡയറക്ടർ സഞ്ജയ് ഗുപ്ത പറഞ്ഞു.
ജൂലൈ-ആഗസ്റ്റ്, ഒക്ടോബർ-നവംബർ മാസങ്ങളിലാണ് തക്കാളി ഉൽപദാനം ഏറ്റവും കുറയുന്നത്. ഇത് വരും ദിനങ്ങളിലും തക്കാളി വില ഉയർത്തിയേക്കും. ജൂണിൽ 40 രൂപയായിരുന്നു തക്കാളിയുടെ വില. എന്നാൽ, ജൂലൈ ആദ്യവാരത്തിൽ വില 100 രൂപയിലേക്കും പിന്നീട് 200ലേക്കും ഉയർന്നു.