ന്യൂഡൽഹി> തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കുറഞ്ഞനിരക്കിൽ തക്കാളി വിൽക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ, നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനും ആന്ധ്രാപ്രദേശ്, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും തക്കാളി സംഭരിക്കും. ഡൽഹി,ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ നഗരങ്ങളിലെ കേന്ദ്രങ്ങളിൽ വിലകുറച്ച് തക്കാളി വിൽക്കും.
അഖിലേന്ത്യാശരാശരിയേക്കാൾ കൂടുതൽ വിലയുള്ള കേന്ദ്രങ്ങളിൽ, കഴിഞ്ഞ ഒരുമാസമായി ചില്ലറവിലയിൽ ഉണ്ടായിട്ടുള്ള മൊത്തംവർദ്ധനവ് കണക്കാക്കിയാണ് വിൽപ്പന നടത്താനുള്ള കേന്ദ്രങ്ങൾ തീരുമാനിച്ചത്. തക്കാളി വില രാജ്യത്തിന്റെ പലഭാഗത്തും 200 രൂപയ്‌ക്ക് മുകളിലേക്ക് പോയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നീക്കം.