ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. രാജപുരം ഗ്രാമത്തിൽ നിന്നുള്ള കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു.
ബുധനാഴ്ചയാണ് അപകടം നടന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയിലും ചാർജ് ചെയ്യവേ മൊബൈൽ ഫോണിന് തീപിടിച്ച് ഉഗ്രസ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ വീട് ഭാഗികമായി തകരുകയും മൂന്ന് പേർക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലെ സിഡ്‌കോ ഉത്തംനഗർ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. വീട്ടിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫോണിനോട് ചേർന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം.
സ്‌ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും സമീപത്തെ വാഹനങ്ങളുടെ ചില്ലുകളും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് വീട്ടിലെ അംഗങ്ങളായ മൂന്ന് പേർ ഗുരുതരമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാറ്ററി തകരാറാണ് സാധാരണയായി സ്‌മാർട്ട്‌ഫോണിൽ തീപിടുത്തത്തിനും സ്‌ഫോടനത്തിനും കാരണം. ബാറ്ററികൾ പഴയതോ കേടായതോ ആണെങ്കിൽ, അമിതമായ ചൂട് പൊട്ടിത്തെറിക്ക് കാരണമാകുമെന്ന് വിഗദ്ധർ പറയുന്നു