ന്യൂഡൽഹി : രാജ്യത്ത് കോൾ മെർജിങ് തട്ടിപ്പ് വ്യാപകമാകുന്നുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻസിപിഐ – NCPI) അറിയിച്ചു. കോളുകൾ മെർജ് ചെയ്ത ശേഷം ഒടിപി വഴി പണം ട്രാൻസ്ഫർ ചെയ്യുന്ന തട്ടിപ്പ് രാജ്യത്ത് പലയിടത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പലപ്പോഴായി മിസ്ഡ് കോളുകൾ നൽകിയാണ് ഉപയോക്താക്കളെ തട്ടിപ്പിൽ വീഴ്ത്തുന്നത്. തൊഴിൽ അഭിമുഖമെന്ന വ്യാജേനയോ മറ്റ് കാര്യങ്ങൾക്കായോ ഫോണിൽ വിളിച്ചാണ് തട്ടിപ്പിന്റെ ആരംഭം. സുഹൃത്തുക്കളിൽ നിന്നോ പരിചയമുള്ളവരിൽ നിന്നോ ആണ് നമ്പർ ലഭിച്ചതെന്നാണ് അറിയിക്കുക. തുടർന്ന് മറ്റൊരു നമ്പറുമായി കോൾ മെർജ് ചെയ്ത ശേഷം ലഭിക്കുന്ന രഹസ്യ ഒടിപി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പണം കവരുമെന്നും എൻപിസിഐ പറഞ്ഞു.
അജ്ഞാത നമ്പറിൽ നിന്ന് കോൾവന്നാൽ അത് അവഗണിക്കുകയും പരിചയമില്ലാത്ത നമ്പരുകകളിൽ നിന്നുള്ള കോളുകൾ മെർജ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യണമെന്ന് എൻപിസിഐ പറഞ്ഞു. ഫോണിൽ സ്പാം കോളുകൾ വരുന്നത് തടയാൻ കോൾ സെറ്റിങ്ങ്സിൽ സ്പാം കോൾ ഫിൽട്ടർ ഓപ്ഷൻ ഓൺ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. സംശയകരമായ രീതിയിൽ ലഭിക്കുന്ന ഒടിപികളും സന്ദേശങ്ങളും ഉടൻ തന്നെ ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് അറിയിക്കണമെന്നും എൻസിപിഐ മുന്നറിയിപ്പ് നൽകി.