ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചട്ടങ്ങളിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളിലെയും മാറ്റങ്ങള്‍, തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ, പുതിയ പാൻ അപേക്ഷകൾ എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത് എന്നിവ ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. ഇത് വ്യക്തിഗത നികുതിദായകരെയും HDFC, SBI, ICICI തുടങ്ങിയ ബാങ്കുകളിലെ ഉപഭോക്താക്കളെയും ബാധിക്കും.
ചൊവ്വാഴ്ച മുതൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പാൻ കാർഡ് അപേക്ഷകൾക്ക് ആധാർ പരിശോധന നിർബന്ധമാക്കി. നിലവിലുള്ള പാൻ ഉടമകൾ ഡിസംബർ 31-നകം അവരുടെ ആധാർ നമ്പറുകൾ ലിങ്ക് ചെയ്യണം. നിലവിൽ പുതിയ പാൻ കാർഡ് അപേക്ഷകൾക്ക് ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സർക്കാർ അംഗീകൃത ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയായിരുന്നു. ഈ നിയമം പാലിക്കാത്തത് നിലവിലുള്ള പാൻ നിർജ്ജീവമാക്കുന്നതിലേക്ക് നയിച്ചേക്കാം.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കും. കൂടാതെ, ജൂലൈ 15 മുതൽ, എല്ലാ ടിക്കറ്റിംഗുകൾക്കും ഓൺലൈനായോ നേരിട്ടോ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആവശ്യമാണ്, അതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ പാസ്വേഡ് ഉൾപ്പെടും.
അതേസമയം ഇന്ന് മുതൽ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും ടിക്കറ്റ് നിരക്ക് വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവുമാണ് ടിക്കറ്റ് നിരക്ക് വർധിക്കുന്നത്.
ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ലെന്ന് റെയിൽവേ അറിയിച്ചു. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി.സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ് ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല എന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വീതം നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് ടിക്കറ്റ് നിരക്കിൽ വര്‍ധന. എന്നാല്‍ ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വർധന ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.