തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് 1586 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

news image
Nov 26, 2025, 6:19 am GMT+0000 payyolionline.in

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1586 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു.

നവംബര്‍ 20 മുതല്‍ 24 വരെ നടന്ന പരിശോധനയിലാണ് വിവിധ രാഷ്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച നോട്ടീസുകള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍, പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തത്.

തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ഉത്തരവാദിത്തം. പ്രചാരണ പരിപാടികളുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും.

നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെപ്പിക്കാന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍പ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് പൊതുജനങ്ങള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജില്ലാതല ഹെല്‍പ് ഡെസ്‌കില്‍ വിളിക്കാം. ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 8281264764, 04972941299

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe